സൗന്ദര്യവല്‍ക്കരണത്തിനായി കുളം വറ്റിച്ചു : നഗരസഭയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തുതിരുവനന്തപുരം:  തുള്ളി വെള്ളമില്ലാതെ നാട് പൊറുതി മുട്ടുമ്പോള്‍ സൗന്ദര്യവല്‍ക്കരിക്കാനാണെന്ന് പറഞ്ഞ് നഗരത്തിലെ പ്രധാന ജലസ്രോതസിലെ സമൃദ്ധമായ ജലം വറ്റിച്ച നഗരസഭയ്‌ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. മണ്ണന്തലയിലെ വഴമ്പച്ചിറ കുളമാണ് നഗരസഭ വറ്റിച്ചത്.  എംസി റോഡില്‍ നിന്നും 400 മീറ്റര്‍ മാറി 150 സെന്റില്‍ സ്ഥിതി ചെയ്യുന്ന വഴമ്പച്ചിറകുളത്തിലെ വെളളം നാട്ടുകാര്‍ കുളിക്കാനും കൃഷിക്കും ഉപയോഗിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുളത്തിലെ ചളി നീക്കി നാലുവശത്തും മതില്‍ കെട്ടി കുളം സൗന്ദര്യവല്‍ക്കരിക്കാന്‍ നഗരസഭ തീരുമാനിച്ചത്.  എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കാരാറുകാരന്‍ ചളി നീക്കാന്‍ ആരംഭിച്ചത്.  ഇതിനുവേണ്ടി സമൃദ്ധമായിരുന്ന വെളളം പൂര്‍ണമായും വറ്റിച്ചു.  കുളം വറ്റിച്ച കരാറുകാരനെ പിന്നീട് നാട്ടുകാര്‍ കണ്ടിട്ടില്ല.  കുളത്തില്‍ പാഴ്‌ചെടികള്‍ വളരാന്‍ തുടങ്ങി. പ്രാചീനമായ ജലസ്രോതസിന്റെ ഇന്നത്തെ അവസ്ഥ ജനപ്രിതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.  കുളം വറ്റിച്ചതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും വറ്റി.  വിഷയത്തില്‍ നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീ്‌വ് എന്‍ജിനീയറും ജില്ലാ കലക്ടറും അനേ്വഷണം നടത്തി മൂന്നാഴ്ചക്കകം പരിഹാരമാര്‍ഗ്ഗങ്ങള്‍ അടക്കം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദ്ദേശിച്ചു.  കുളത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ നഗരസഭ സെക്രട്ടറി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top