സൗദി: ഹറമൈന്‍ ട്രെയിന്‍ സല്‍മാന്‍ രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു

ജിദ്ദ: മക്കയില്‍ നിന്നും മദീനയിലേക്കുള്ള അതിവേഗ ഇലക്ട്രിക് ട്രെയിന്‍ സൗദി രാജാവ് സല്‍മാന്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ജിദ്ദയിലെ അല്‍ സുലൈമാനിയ്യ സ്റ്റേഷനിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ഉദ്ഘാടനത്തിനു ശേഷം സല്‍മാന്‍ രാജാവടക്കമുള്ളവരുമായി മക്കയില്‍ നിന്നും മദീനയിലേക്ക് സൗദി ഡ്രൈവര്‍ അബ്ദുല്ലാ അല്‍ അഹ്മദി ട്രെയിന്‍ ഓടിച്ചു.
1600 കോടി ഡോളര്‍ ചെലവുവന്ന പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത്. 130 പാലങ്ങളടക്കമുള്ളവ നിര്‍മിച്ച ഒന്നാംഘട്ടത്തില്‍ പദ്ധതിക്കായി 150 മില്യണ്‍ ക്യൂബിക് മീറ്റര്‍ മണലും പാറയും നീക്കംചെയ്തു. മക്ക, ജിദ്ദ, റബീഅ്, മദീന എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ നിര്‍മിച്ചത് രണ്ടാംഘട്ടത്തിലായിരുന്നു. സിഗ്നലുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവയുടെ നിര്‍മാണത്തോടെ മൂന്നാംഘട്ടവും പൂര്‍ണമാവുകയും പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുകയുമായിരുന്നു. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുള്ള, ആധുനിക സൗകര്യങ്ങളോടുകൂടിയ 417 സീറ്റുകളുള്ള 36 ട്രെയിനുകളാണ് മക്ക-മദീന സര്‍വീസ് നടത്തുക. വര്‍ഷത്തില്‍ 60 മില്യണ്‍ യാത്രക്കാര്‍ക്ക് സേവനം പ്രയോജനപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 450 കിലോമീറ്ററാണ് മക്ക-മദീന നഗരങ്ങള്‍ തമ്മിലുള്ള ദൂരം. പദ്ധതിയുടെ വിവിധ സേവന വിഭാഗങ്ങളില്‍ നിരവധി വനിതകളെയും നിയമിച്ചിട്ടുണ്ട്.
പുണ്യസ്ഥലങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു വളരെ ഉപകാരപ്രദമാവുന്ന പദ്ധതി തുടങ്ങാനായതില്‍ അഭിമാനമുണ്ടെന്ന് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച ഗതാഗതമന്ത്രി ഡോ. നബില്‍ അല്‍ അമൂദി പറഞ്ഞു. വിഷന്‍ 2030ന്റെ ഭാഗമായി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് പദ്ധതിക്കു രൂപംനല്‍കിയത്. പദ്ധതി യാഥാര്‍ഥ്യമായതോടെ മക്ക, മദീന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും നബില്‍ അല്‍ അമൂദി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ 1961ല്‍ രാജ്യത്തെ ആദ്യത്തെ ട്രെയിന്‍ പദ്ധതി ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങള്‍ സല്‍മാന്‍ രാജാവിന് അല്‍ അമൂദി കൈമാറി.RELATED STORIES

Share it
Top