സൗദി വംശജരുടെ വേതന വര്‍ധന: ശുപാര്‍ശ തള്ളി

റിയാദ്: സ്വകാര്യ മേഖലയില്‍ സൗദി വംശജര്‍ക്ക് ആറായിരം റിയാല്‍ മിനിമം വേതനം നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശ ശൂറാ കൗണ്‍സില്‍ തള്ളിക്കളഞ്ഞു. ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജുംഅ ആണ് ഇത്തരമൊരു ശുപാര്‍ശ കൗണ്‍സിലില്‍ സമര്‍പ്പിച്ചത്.
ഭൂരിപക്ഷത്തിന്റെ പിന്തുണ ശുപാര്‍ശയ്ക്കു ലഭിച്ചില്ല. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യുന്ന സൗദികളുടെ മിനിമം വേതനം 6000 റിയാലില്‍ കുറവാകാതിരിക്കുന്നതിനു തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഗോസി ഏകോപനം നടത്തണമെന്നു ഡോ. ഫഹദ് ബിന്‍ ജുംഅയാണ് ശൂറാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്. മിനിമം വേതനം നിശ്ചയിക്കുന്നതിന് അധികാരമുള്ള വകുപ്പല്ല ഗോസിയെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തേണ്ടതു ഭരണാധികാരിയാണെന്നും ചര്‍ച്ചയില്‍ ശൂറാ കൗണ്‍സിലിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു.
ചില മേഖലകളില്‍ പടിപടിയായി മിനിമം വേതനം നടപ്പാക്കി മുഴുവന്‍ മേഖലകളിലും സാവകാശം പദ്ധതി നിര്‍ബന്ധമാക്കണമെന്നും സ്വകാര്യ സ്‌കൂളുകളില്‍ ഇതേ രീതിയിലാണു നടപ്പാക്കിയതെന്നും ഫഹദ് ബിന്‍ ജുംഅ ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top