സൗദി ഭരണകൂട വിമര്‍ശകന്‍ ജമാല്‍ ഖഷോഗിയെ കാണാനില്ല

ഇസ്താംബുള്‍: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയെ കാണാനില്ല. ചൊവ്വാഴ്ച ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റ് സന്ദര്‍ശിച്ച അദ്ദേഹത്തെ അതിനുശേഷം കാണാനില്ലെന്നാണ് അദ്ദേഹത്തിന്റെ ബന്ധുവിനെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്തത്.
‘ ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ചത്. അതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല. ഇതുവരെ എനിക്ക് യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല എന്നാണ് അവര്‍ പറഞ്ഞത്.
കഴിഞ്ഞയാഴ്ച ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയിരുന്നെന്നും ബന്ധു പറയുന്നു. കുടുംബകാര്യവുമായി ബന്ധപ്പെട്ട ഒരു അപേക്ഷ പൂര്‍ത്തീകരിക്കുന്നതിനായി ചൊവ്വാഴ്ച വീണ്ടും വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ചാണ് ചൊവ്വാഴ്ച അവിടെയെത്തിയത്. കോ ണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതുവരെ കാത്തിരുന്നെങ്കിലും ഖഷോഗി എത്തിയില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്താം ബുളിലെ കോണ്‍സുലേറ്റും വാഷിങ്ടണിലെ സൗദി എംബസി അടക്കമുള്ള സൗദി അധികൃതരും തുര്‍ക്കി അധികൃതരും തയ്യാറായിട്ടില്ല. അല്‍ അറബ്, വതന്‍ എന്നീ സൗദി പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഖഷോഗി. 2017 സെപ്റ്റംബറിലാണ് സൗദി അറേബ്യ വിട്ടത്. അതുവരെ സൗദി ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലെയും വാഷിങ്ടണിലെയും അംബാസിഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായും ഖഷോഗി പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ സൗദി പേടിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ അദ്ദേഹം സൗദി രാജകുടുംബവുമായി അകലുകയായിരുന്നു. ഈ പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹം എഴുതുന്നതും ട്വീറ്റ് ചെയ്യുന്നതും വിലക്കി. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സൗദി വിട്ടത്.

RELATED STORIES

Share it
Top