സൗദി ടാക്‌സി കമ്പനിയില്‍ 2000 വനിതാ ഡ്രൈവര്‍മാര്‍

റിയാദ്: പ്രമുഖ ടാക്‌സി കമ്പനിയായ കരീം ടാക്‌സിക്ക് കീഴില്‍ ജോലി ചെയ്യുന്നത് 2000ത്തോളം സൗദി വനിതകള്‍. കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുര്‍തസ അല്‍ അലവിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയ ശേഷം വനിതാ ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ ലോകത്തെ മറ്റേതു നഗരങ്ങളെയും വെല്ലുന്ന തരത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.
ജിദ്ദ, റിയാദ്, ദമ്മാം നഗരങ്ങളിലാണു വനിതാ ഡ്രൈവര്‍മാര്‍ കൂടുതലും സേവനമനുഷ്ഠിക്കുന്നത്. മറ്റു നഗരങ്ങളില്‍ വളരെ കുറച്ചു വനിതകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 2020ഓടെ കമ്പനിക്കു കീഴിലെ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം 20000 ആയി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. കരീം കമ്പനിക്ക് കീഴില്‍ സൗദിയില്‍ രണ്ടു ലക്ഷത്തിലേറെ സൗദികള്‍ ടാക്‌സി സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ അടിസ്ഥാനമാക്കിയാണു സൗദിയില്‍ കമ്പനിയുടെ സേവനം.
ഡ്രൈവര്‍മാര്‍ സൗദികളായിരിക്കണമെന്നും 21 വയസ്സ് തികഞ്ഞവരായിരിക്കണമെന്നും കരീം കമ്പനി വ്യവസ്ഥ വയ്ക്കുന്നു. ഇവര്‍ക്ക് കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. മുമ്പ് ക്രിമിനല്‍ക്കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്ന രേഖകളും ഡ്രൈവര്‍മാര്‍ ഹാജരാക്കണം. രോഗങ്ങളില്‍ നിന്നു മുക്തരാണെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരല്ലെന്നും സ്ഥിരീകരിക്കുന്ന മെഡിക്കലും ഉദ്യോഗാര്‍ഥികള്‍ നടത്തിയിരിക്കണം. ഡ്രൈവര്‍മാര്‍ നന്നായി എഴുത്തും വായനയും അറിയുന്നവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
കരീം കമ്പനിക്ക് കീഴില്‍ ടാക്‌സി സര്‍വീസിന് ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന കാറുകള്‍ 2012ലും പുതിയ മോഡലുകളായിരിക്കണം. കാറുകളില്‍ തകരാറുകളും ഇടിച്ചതിന്റെ പാടുകളുമൊന്നുമില്ലെന്നു സ്ഥിരീകരിക്കുന്ന പരിശോധനകളും പൂര്‍ത്തിയാക്കിയിരിക്കണം. ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന കാറുകള്‍ സ്വന്തം ഉടമസ്ഥതയിലുള്ളതായിരിക്കണമെന്ന് വ്യവസ്ഥയില്ല. ഇവര്‍ക്ക് റെന്റ് എ കാറുകളും മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള കാറുകളും ഉപയോഗിക്കാവുന്നതാണ്.

RELATED STORIES

Share it
Top