സൗദി എണ്ണക്കപ്പലുകള്‍ക്ക് ഹൂഥി വിമതരുടെ ആക്രമണം

റിയാദ്: ചെങ്കടലില്‍ യമന്‍ അതിര്‍ത്തിയില്‍ സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെ ഹൂഥി വിമതരുടെ ആക്രമണം. തുടര്‍ന്ന് ചെങ്കടലിലെ ബാബുല്‍ മന്തിബ് വഴിയുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബുധനാഴ്ചയാണ് ഹുദൈദ തുറമുഖത്തിന് സമീപം എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഇതുവഴിയുള്ള യാത്ര സുരക്ഷിതമാവുന്നതു വരെ കയറ്റുമതി നിര്‍ത്തിവയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
ആക്രമണം ഉണ്ടായതായി അറബ് സഖ്യസേനയും സ്ഥിരീകരിച്ചെങ്കിലും എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സഖ്യസൈന്യത്തിന്റെ  ഇടപെടലിനാലാണു കൂടുതല്‍ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെട്ടതെന്നും വക്താവ് പറഞ്ഞു.
രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന വലിയ കപ്പലുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി എണ്ണക്കമ്പനി ആരാംകോ അറിയിച്ചു. ഒരു കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എണ്ണ ച്ചോര്‍ച്ച േഉണ്ടായിട്ടില്ലെന്നും ആരാംകോ വ്യക്തമാക്കി.
അതിനിടെ, യമനിന്റെ പടിഞ്ഞാറന്‍ തീരത്ത് സൗദിയുടെ യുദ്ധക്കപ്പല്‍ തങ്ങള്‍ ആക്രമിച്ചതായി ഹൂഥികള്‍ അവകാശപ്പെട്ടു. സൂയസ് കനാല്‍ വഴി യൂറോപ്പിലേക്കുള്ള പ്രധാന എണ്ണ കയറ്റുമതി മാര്‍ഗം തടസ്സപ്പെടുന്നത് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുതിച്ചുയരാന്‍ കാരണമാവുമെന്നാണു വിലയിരുത്തപ്പെടുന്നത്.

RELATED STORIES

Share it
Top