സൗദി-ഇറാക്ക് വിമാന സര്‍വീസിനു വീണ്ടു തുടക്കംദമ്മാം:ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് സൗദിക്കും ഇറാക്കിനുമിടയില്‍ നിര്‍ത്തിവെച്ച വിമാന സര്‍വീസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചു.  നാസ് എയര്‍ ലൈന്‍സാണ് നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായി ഇറാഖിന്‍െ തലസ്ഥാനമായ ബഗ്ദാദിലേക്കു കഴിഞ്ഞ ബുധന്‍ ആദ്യമായി സര്‍വീസ് നടത്തിയത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി സൗദിയില്‍ നിന്നുമെത്തിയ വിമാനത്തിനു വന്‍ വരവേല്‍പാണ് ലഭിച്ചതെന്ന് നാസ് അധികൃതര്‍ അറിയിച്ചു.
കൂടാതെ സൗദിക്കും ഇറാഖിനുമിടയിലുള്ള അതിര്‍ത്തി കവാടങ്ങള്‍ ഉടന്‍ തുറക്കുമെന്നും സൗദിയിലെ ഇറാഖി സ്ഥാനപതി ഡോ. റഷീദ് അല്‍ ആനി അറിയിച്ചു.

1990ല്‍ സദ്ദാമിന്റെ സൈന്യം കുവൈത്ത്  കീഴടക്കിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വീസ് നിറുത്തി വച്ചത്. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ബാഗ്ദാദ് നജ്ഫ്, അര്‍ബീല്‍, ബസറ തുടങ്ങിയ പട്ടങ്ങളിലേക്കും തിരിച്ചുമാണ് വിമാന സര്‍വീസ് നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ അറാര്‍, ജുമൈമ തുടങ്ങിയ സ്ഥലങ്ങളിലെ അതിര്‍ത്തിയും ഉടന്‍ തുറക്കും. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി അറാര്‍ അതിര്‍ത്തി നേരത്തെ തന്നെ തുറന്നു കൊടുക്കാറുണ്ടായിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതോടെ രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തമാവും. ഇതുവഴി വാണിജ്യ, ടൂറിസ മേഖലകളില്‍ നിക്ഷേപം ശക്തമാവും. ഇറാഖി പ്രധാന മന്ത്രി ഹൈദര്‍ അല്‍അബാദി കഴിഞ്ഞ മാസം സൗദി സന്ദര്‍ശിച്ചത് ഇരു രാജ്യങ്ങള്‍ക്കിടയില്‍ പുതിയ ബന്ധങ്ങള്‍ക്കു തുടക്കം കുറിക്കലായിരുന്നു. ഇറാക്കിന്റെ എല്ലാ മേഖലകളും ഇപ്പോള്‍ സുരക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇറാക്ക് സന്ദര്‍ശിക്കുന്നതിന്  വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരുന്നത്. ജോര്‍ദാന്‍ വഴിയോ തുര്‍ക്കി വഴിയോ അല്ലങ്കില്‍ കുവൈത്ത് വഴിയോ മാത്രമേ സഞ്ചാരിക്കാന്‍ ആവുമായിരുന്നുള്ളൂ. എന്നാല്‍ റിയാദിനും ബഗ്ദാദിനുമിടയില്‍ വിമാന സര്‍വീസ് ആരംഭിച്ചതോടെ ഇതിനു പരിഹാരമായി.
നിലവില്‍ എഴുപതിനായിരം ഇറാഖികളാണ് സൗദിയിലുള്ളത്. ഇവരില്‍ വാണിജ്യ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവരും ഉള്‍പ്പെടും. ഇറാഖ് പഴയ പ്രതാപത്തിലേക്കു തിരിച്ചു വരുന്നതിന്റെ സുചനകളാണ് ലഭിക്കുന്നത്.

RELATED STORIES

Share it
Top