സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയുടെ അധിക ഫീസ് കുറച്ചു

റിയാദ്: സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് നേരത്തേ ഏര്‍പ്പെടുത്തിയ 2000 റിയാല്‍ അധിക ഫീസ് പിന്‍വലിച്ചതായി സ്ഥിരീകരിച്ചു.
മെയ് രണ്ടുമുതല്‍ മുംബൈയില്‍ നിന്നു സൗദിയിലേക്ക് സ്റ്റാമ്പ് ചെയ്ത വിസയ്ക്ക്, അധിക ഫീസ് ഈടാക്കിയിട്ടില്ല. പുതിയ നിരക്കുപ്രകാരം സിംഗിള്‍ വിസിറ്റ് വിസയ്ക്ക് 7500 ഇന്ത്യന്‍ രൂപയും ആറു മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസയ്ക്ക് 10,800 രൂപയും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസയ്ക്ക് 17,900 രൂപയും രണ്ടു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസയ്ക്ക് 25,500 രൂപയുമാണ് ചാര്‍ജ്. ഇന്‍ഷുറന്‍സ് അടക്കമാണ്  നിരക്ക് ഈടാക്കുന്നത്. ഇതിനുപുറമെ  ഇന്ത്യയില്‍ നിന്നുള്ള ജിഎസ്ടി നിരക്കും ഉണ്ടാവും.
2016 ഒക്ടോബര്‍ മുതലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് അധിക ഫീസ് ഏര്‍പ്പെടുത്തിയത്. മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസയ്ക്ക് 2000 റിയാലും ആറുമാസ മള്‍ട്ടിപ്പിള്‍ വിസയ്ക്ക് 3000 റിയാലും ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ വിസയ്ക്ക് 5000 റിയാലുമാണ് ഫീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഫാമിലി വിസയും ഇതിന്റെ പരിധിയില്‍ പെട്ടിരുന്നു.
ഫീസ് ഏര്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായി. ടൂറിസ്റ്റ് വിസ ചട്ടങ്ങള്‍ ലഘൂകരിക്കുമെന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും സൗദി ടൂറിസം വകുപ്പ് അധികൃതര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top