സൗദിയില്‍ വാഹന അപകടത്തില്‍ മലയാളി ഡ്രൈവര്‍ മരിച്ചു

ദോഹ: ഖത്തറില്‍ നിന്ന് സ്‌പോണ്‍സറോടൊപ്പം പോയ മലയാളി ഡ്രൈവര്‍ സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കല്ലുങ്കല്‍ നഗര്‍ നെല്ലിമല പുതുപ്പറമ്പില്‍ ഷാജഹാന്റെ മകന്‍ ഷഹാസ് ഷാജഹാന്‍(26) ആണ് സൗദി-ഖത്തര്‍ അതിര്‍ത്തിയിലെ അല്‍അസ്സയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഖത്തരി സ്‌പോണ്‍സറും ബന്ധുവും മരിച്ചിട്ടുണ്ട്. മൈദറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഷഹാസ് ഉടമയുമായി സൗദിയിലുള്ള ആട് ഫാം സന്ദര്‍ശിക്കാനെത്തിയതായിരുന്നു. അവിടെ വച്ച് സ്‌പോണ്‍സര്‍ക്ക് ഹൃദയാഘാതമുണ്ടായി. സ്‌പോണ്‍സറെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. ഷഹാസിന്റെ മാതാവും ഖത്തറിലെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. അപകട വിവരമറിഞ്ഞ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഉമ്മ സഫിയത്ത് ഹമദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്‌പോണ്‍സറുടെ മൃതദേഹം സൗദിയില്‍ തന്നെ അടക്കം ചെയ്തു. ഷഹാസിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടു പോകാന്‍ ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.
സ്‌പോണ്‍സറുടെ ബന്ധു സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനും മറ്റുമുള്ള സഹായങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പബ്ലിക് റിലേഷന്‍ ഇന്‍ചാര്‍ജ് ബഷീര്‍ കടിയങ്ങാട് അറിയിച്ചു. ഷഹാസിന്റെ മാതാവിനെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. സഹോദരി: ഷൈനി.

RELATED STORIES

Share it
Top