സൗദിയില്‍ വാഹനങ്ങളുമായി വനിതകള്‍ റോഡിലിറങ്ങി

റിയാദ്: പതിറ്റാണ്ടുകളായി നിലനിന്ന വിലക്ക് നീങ്ങിയതോടെ സൗദി അറേബ്യയില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ വനിതകള്‍ സ്വന്തം വാഹനങ്ങളുമായി റോഡിലിറങ്ങി. വളയം പിടിക്കാന്‍ ലഭിച്ച സ്വാതന്ത്ര്യത്തെ വനിതകള്‍ ആേഘാഷമാക്കുന്ന ദൃശ്യങ്ങളായിരുന്നു എങ്ങും.
ചരിത്രമുഹൂര്‍ത്തത്തിന്റെ ആദ്യനിമിഷങ്ങളില്‍ തന്നെ വാഹനവുമായി പുറത്തേക്കിറങ്ങാന്‍ പല സ്ത്രീകളും മുന്നോട്ടെത്തി. ഞായറാഴ്ച പുലര്‍ന്നതിന്റെ ആദ്യ സെക്കന്‍ഡില്‍ തന്നെ അല്‍ ഖോബാറിലെ വീട്ടില്‍നിന്ന് 1959 മോഡല്‍ കോര്‍വെട്ട് സി1 കാറുമായി സമാഹ് അല്‍ ഗുസൈബി റോഡിലെത്തി. ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷിയാവാനും പങ്കാളിയാവാനും പറ്റിയെന്ന് സമാഹ് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 26നാണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ഉത്തരവ് പുറത്തുവന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തും എപ്പോള്‍ വേണമെങ്കിലും സ്ത്രീകള്‍ക്ക് വാഹനമോടിക്കാമെന്നു ഗതാഗത വകുപ്പ് വക്താവ് കേണല്‍ സാമി ബിന്‍ മുഹമ്മദ് അറിയിച്ചു. സുരക്ഷിതമായി വണ്ടിയോടിക്കണമെന്ന സന്ദേശവുമായി സ്ത്രീകള്‍ക്കായി മൂന്നു ദിവസത്തെ ബോധവല്‍ക്കരണ കാംപയിന്‍ വിലക്ക് നീക്കുന്നതിനു മുമ്പ് സംഘടിപ്പി—ച്ചിരുന്നു.
നിരവധി സൗദി വനിതകളും വിദേശ വനിതകളും ഇതിനകം ഡ്രൈവിങ് ലൈസന്‍സ് നേടിയിട്ടുണ്ട്. വനിതകളുടെ പക്കലുള്ള വിദേശ, അന്താരാഷ്ട്ര ലൈസന്‍സുകള്‍ മാറ്റിനല്‍കുന്നതിനു ട്രാഫിക് ഡയറക്ടറേറ്റ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ലേഡീസ് ഡ്രൈവിങ് സ്‌കൂളുകള്‍ വഴി പുതിയ ലൈസന്‍സുകളും അനുവദിക്കുന്നുണ്ട്.  നാലു  യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ സൗദി ട്രാഫിക്ക് ഡയറക്ടറേറ്റ് ലേഡീസ് ഡ്രൈവിങ് സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അല്‍ഖസീം യൂനിവേഴ്‌സിറ്റിയില്‍ ലേഡീസ് ഡ്രൈവിങ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബുറൈദയില്‍ അല്‍ഖസീം യൂനിവേഴ്‌സിറ്റി കാംപസില്‍ വൈകാതെ ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും.
സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ വനിതാ ടാക്‌സികളും നിരത്തിലിറങ്ങുമെന്നു പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. സ്വദേശി സ്ത്രീകള്‍ക്ക് മാത്രമാണ് വനിതാ ടാക്‌സി ഓടിക്കാന്‍ അനുമതി. ലോകത്ത് വനിതകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്ത ഏക രാജ്യമായിരുന്നു സൗദി.

RELATED STORIES

Share it
Top