സൗദിയില്‍ വാറ്റ് നികുതിയും ലെവിയും നടപ്പായി

റിയാദ്: മൂല്യവര്‍ധിത നികുതിയും വിദേശികള്‍ക്കുള്ള ലെവിയുമടക്കം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു പുതുവല്‍സര ദിനത്തില്‍ സൗദി അറേബ്യയില്‍ തുടക്കമായി. ഇതിനൊപ്പം പെട്രോളിനും വില വര്‍ധിപ്പിച്ചു. രാജ്യത്ത് നിലവിലുള്ള രണ്ടിനം പെട്രോളിനും  വില കൂട്ടിയിട്ടുണ്ട്. ഒക്ടീന്‍ 91 ഇനത്തിലുള്ള പെട്രോളിന് 83 ശതമാനവും ഒക്ടീന്‍ 95 ഇനത്തിന് 127 ശതമാനവുമാണ് വില വര്‍ധിച്ചത്്. ഇതനുസരിച്ച് 75 ഹലാല ഉണ്ടായിരുന്ന ഒക്ടീന്‍ 91 ഇനത്തിന് 1.37 റിയാലും 90 ഹലാലയായിരുന്ന ഒക്ടീന്‍ 95 ഇനത്തിന് 2.04 റിയാലും വര്‍ധിച്ചു. വാറ്റ് അടക്കമാണ് പുതിയ നിരക്ക്. പെട്രോളിനും ഡീസലിനും അഞ്ചുശതമാനമാണ് വാറ്റ്. വാണിജ്യമന്ത്രാലയമാണ് നിരക്കുകള്‍ വര്‍ധിപ്പിച്ച തായി പ്രഖ്യാപിച്ചത്. ഡീസല്‍, മണ്ണെണ്ണ നിരക്കുകളില്‍ മാറ്റമില്ല. ഇവയുടെ വിലയും അടുത്തുതന്നെ വര്‍ധിപ്പിക്കുമെന്നാണ് സൂചന. നിലവില്‍ ഡീസലിന് 47 ഹലാലയും മണ്ണെണ്ണയ്ക്ക് 64 ഹലാലയുമാണ്. ഇന്ധനത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി എടുത്തുകളഞ്ഞു. വാറ്റ് നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുവേണ്ടി ശക്തമായ പരിശോധനകള്‍ ഇന്ന് മുതല്‍ തുടങ്ങും. 18 സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് ഇന്ന് മുതല്‍ വാറ്റ് റെയ്ഡിനിറങ്ങുകയെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. 10 ലക്ഷം റിയാല്‍ വിറ്റുവരവില്ലെന്ന പേരില്‍ വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളെ അടുത്തവര്‍ഷം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി നിരക്കിലും ജനുവരി ഒന്നു മുതല്‍ വര്‍ധനവുണ്ട്.വര്‍ധനവിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷന്‍ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റ് ഒന്നു മുതല്‍ 6000 വരെ 18 ഹലാലയും അതിന് മുകളില്‍ 30 ഹലാലയുമാണ് ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കുക. വ്യാപാര മേഖലയില്‍ ഇത് 20 യഥാക്രമം ഹലാലയും 30 ഹലാലയുമാണ്. എന്നാല്‍, വൈദ്യുതി നിരക്കുമാറ്റം വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസമാവും.

RELATED STORIES

Share it
Top