സൗദിയില്‍ വനിതകള്‍ വാഹനവുമായി നിരത്തില്‍; റിപോര്‍ട്ട് ചെയ്യാന്‍ വിദേശ മാധ്യമപ്പടദമ്മാം: സൗദി അറേബ്യയുടെ ചരിത്രം തിരുത്തിക്കൊണ്ട് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നത് റിപോര്‍ട്ട് ചെയ്യാന്‍ എത്തിയത് വന്‍ മാധ്യമപ്പട. വാര്‍ത്തകള്‍ ചൂടോടെ ലോകത്തിന്റെ മുക്കുമൂലകളില്‍ എത്തിക്കുന്നതിന് 36 രാജ്യങ്ങളില്‍ നിന്നും 76 മാധ്യമ പ്രവര്‍ത്തകരാണ് സൗദിയില്‍ നേരിട്ടെത്തിയത്. ചരിത്ര സംഭവത്തിന് തുടക്കം കുറിക്കുന്നത് തങ്ങള്‍ക്ക് നേരിട്ട് റിപോര്‍ട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് 36 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ സൗദി സാംസ്‌കാരിക മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വനിതകളുള്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകരെ എത്തിക്കുന്നതിനും മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സൗദി പ്രസ് ഏജന്‍സിയെ മന്ത്രാലയം ചുമതലപ്പെടുത്തി. തുടര്‍ന്ന് നിയമം പ്രാബല്ല്യത്തില്‍ വരുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ റിയാദില്‍ ഇവരെല്ലാം എത്തി ചേര്‍ന്നു. ഇന്ന് പുലര്‍ച്ചെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയ വനിതകളെ സൗദി ട്രാഫിക് ഉദ്യോഗസ്ഥര്‍ പൂച്ചെണ്ടുകളുമായാണ് സ്വീകരിച്ചത്. പലരും തങ്ങളുടെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് നിയമം പ്രാബല്യത്തില്‍ വന്നതിന്റെ തൊട്ടടുത്ത നിമിഷം രാത്രി 12.01ന് തന്നെയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ സല്‍മാന്‍ രാജാവിനെയും സൗദി ഭരണകൂടത്തെയും വാനോളം പുകഴ്ത്തുകയും ചെയ്തു.

RELATED STORIES

Share it
Top