സൗദിയില്‍ ലെവി കുടിശിക അടക്കാന്‍ ആറു മാസം സമയംദമ്മാം: സൗദിയില്‍ വിദേശികളായ തൊഴിലാളികളുടെ മേല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ലെവി കുടിശിക അടക്കാനുള്ള സമയപരിധി ആറുമാസത്തേക്കു കൂടി നീട്ടി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. ആഗസ്ത് മാസത്തിനകം ലെവി കുടിശിക അടച്ചിരിക്കണമെന്ന് നേരത്തെ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആഗസ്ത് ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി നീട്ടി നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവില്‍ മൂന്ന് ഘടുക്കളായി ലെവി അടക്കാവുന്നതാണ്. വിദേശികളായ തൊഴിലാളികള്‍ക്ക് 2018 ജനുവരി ഒന്നു മുതല്‍ക്കാണ് ലെവി പ്രാബല്ല്യത്തില്‍ വന്നത്. സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 300 റിയാലും സ്വദേശികളെക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ 400 റിയാലും എന്ന തോതിലാണ് സര്‍ക്കാരിന് നല്‍കേണ്ടത്. പല സ്ഥാപനങ്ങളും തുക ഒന്നിച്ച് അടക്കാന്‍ കഴിയില്ലെന്ന് തൊഴില്‍ മന്ത്രാലയത്തില്‍ പരാതിപെട്ടതിനെ തുടര്‍ന്ന് മന്ത്രാലയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആറു മാസം സമയ പരിധി നല്‍കുകയായിരുന്നു. ഈ സമയപരിധി അവസാനിക്കാനിരിക്കെ പല കമ്പനികളും തുക അടക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് വീണ്ടും സാവകാശം നല്‍കിയത്.

RELATED STORIES

Share it
Top