സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരായി വനിതകള്‍; മാളുകളില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യംദമ്മാം: സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരായി സ്വദേശി വനിതകള്‍ ജോലിയില്‍ പ്രവേശിച്ചതായി കരീം പ്രൈവറ്റ് ടാക്‌സി കമ്പനി അറിയിച്ചു. രാജ്യത്ത് സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ദിനം തന്നെയാണ് ടാക്സി വാഹനങ്ങളില്‍ ക്യാപ്റ്റന്‍മാരായി സൗദി വനിതകള്‍ ജോലിയില്‍ പ്രവേശിച്ചത്. റിയാദ്, ജിദ്ദ, ദമ്മാം പട്ടണങ്ങളിലാണ് സൗദി വനിതകള്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് തുടക്കം കുറിച്ചത്. താമസിയാതെ മറ്റു സ്ഥലങ്ങളിലും പിന്നീട് വനിതാ ടാക്സി സേവനത്തിനും തുടക്കം കുറിക്കും.

സൗദിയില്‍ ടാക്സി കാറുകള്‍ ഉപയോഗിക്കുന്നവരില്‍ 70 ശതമാനവും വനിതകളാണ്. അതുകൊണ്ട് തന്നെ വനിതാ ടാക്സി സര്‍വീസിന് വലിയ സാധ്യതകളാണ് ഉള്ളതെന്ന് കരീം ടാക്സി സര്‍വീസ് മേധാവി ഡോ. അബ്ദുല്ല അല്‍ ഇല്‍യാസ് വ്യക്തമാക്കി. താമസിയാതെ 2,000 വനിതകള്‍ക്ക് ടാക്സി കാറുകളുടെ ക്യാപ്റ്റന്‍മാരായി പരീശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 1,20,000 വനിതകള്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി വെളിപ്പെടുത്തി. റോഡപകടങ്ങള്‍ നടക്കുന്ന ഘട്ടങ്ങളില്‍ അവയെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേകമായി 40 പേരെ നിയമിച്ചിട്ടുണ്ട്. വനിതകള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സ്ഥലം ഏര്‍പ്പെടുത്തണമെന്ന് നിയമമില്ല. എന്നാല്‍ പല സ്ഥാപനങ്ങളും മാളുകളിലും പാര്‍ക്കിങ് സൗകര്യങ്ങള്‍ പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനമോടിക്കുന്ന വനിതകളുടെ ഫോട്ടോയെടുക്കല്‍, അവരെ പരിഹസിക്കല്‍, മറ്റു നിലക്ക് ബുദ്ധിമുട്ടിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നടപടി എടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. രാജ്യത്ത് 30 ലക്ഷം വനിതകള്‍ ലൈസന്‍സ് നേടാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.

RELATED STORIES

Share it
Top