സൗദിയിലെ വനിതാ ടാക്‌സിയില്‍ ഇനി പുരുഷന്‍മാര്‍ക്കും കയറാം

റിയാദ്: വനിതകള്‍ ഓടിക്കുന്ന ടാക്‌സികളില്‍ പുരുഷ യാത്രക്കാരെ കയറ്റാമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ടാക്‌സി ഓടിക്കുന്നതിനുള്ള അനുമതിയില്‍ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ വ്യത്യാസമില്ല. സ്ത്രീയോ പുരുഷനോ എന്ന് നോക്കാതെ വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താം. ഡ്രൈവിങ് ലൈസന്‍സും കാറുമുള്ള, വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ ഏതു സൗദി വനിതയ്ക്കും പൊതുഗതാഗത അതോറിറ്റി ലൈസന്‍സുള്ള ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയില്‍ ഡ്രൈവര്‍മാരായി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.
സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരില്‍ 80 ശതമാനത്തോളം വനിതകളാണ്. 2000 സൗദി വനിതകള്‍ കരീം കമ്പനിക്കു കീഴില്‍ ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡ്രൈവിങ് അനുമതി പ്രാബല്യത്തില്‍ വന്നതോടെ നിരവധി വനിതകള്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു കീഴില്‍ ടാക്‌സി സര്‍വീസ് മേഖലയില്‍ ജോലി തുടങ്ങിയിട്ടുണ്ട്. 2020ഓടെ 20,000 സൗദി വനിതകളെ ക്യാപ്റ്റന്‍മാരായി നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു കരീം കമ്പനി വക്താവ് അറിയിച്ചു.

RELATED STORIES

Share it
Top