സൗദിക്ക് വിജയത്തോടെ മടക്കം; അവസാന മിനിറ്റില്‍ കളി കൈവിട്ട് ഈജിപ്ത്വോള്‍ഗോഗ്രാഡ്: ഗ്രൂപ്പ് എയില്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള പോരാട്ടത്തില്‍ എക്‌സ്ട്രാ ടൈമില്‍ വിജയഗോള്‍ കണ്ടെത്തി സൗദി അറേബ്യ. സൂപ്പര്‍ താരം മുഹമ്മദ് സലാഹിറങ്ങിയ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സൗദി ഗ്രൂപ്പിലെ മൂന്നാം സ്ഥാനമെന്ന ആശ്വാസത്തോടെ ലോകകപ്പ് അങ്കം അവസാനിപ്പിച്ചത്. ഈ ഗ്രൂപ്പില്‍ നിന്ന് ഉറുഗ്വേയും ആതിഥേയരായ റഷ്യയും നേരത്തേ തന്നെ പ്രീക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിച്ചിരുന്നു. മൂന്ന് മല്‍സരങ്ങളില്‍ സൗദിയുടെ ഏകജയമാണിത്. അതേസമയം മൂന്ന് കളികളില്‍ ഒരു മല്‍സരത്തില്‍ പോലും വെന്നിക്കൊടി നാട്ടാന്‍ ഈജിപ്തിനായില്ല.ഈജിപ്തിനെക്കാള്‍ മികച്ച പന്തടക്കത്തോടെയും പാസിങോടെയും സൗദിയായിരുന്നു കളം നിറഞ്ഞ് കളിച്ചത്. ഗോള്‍ ഉതിര്‍ക്കുന്നതിലും സൗദി പിറകോട്ടടിച്ചില്ല. ഈജിപ്തിന്റെ ഗോള്‍ ശ്രമം എട്ടില്‍ ഒതുങ്ങിപ്പോള്‍ 22 ഷോട്ടുകള്‍ ഉതിര്‍ത്താണ് സൗദി കരുത്തുകാട്ടിയത്.  ഈജിപ്ത് താരങ്ങള്‍ തീര്‍ത്ത  മികച്ച പ്രതിരോധമാണ് സൗദിയുടെ വിജയഗോളിന് രണ്ടാം പകുതിയിലെ എക്‌സ്ട്രാ ടൈം വരെ കാത്തിരിക്കേണ്ട അവസ്ഥയിലേക്കെത്തിച്ചത്. മുന്നേറ്റതാരങ്ങളോടൊപ്പം സലാഹിനെയും ആക്രമണത്തില്‍ നിര്‍ത്തി 4-2-3-1 എന്ന ശൈലിയില്‍ ഈജിപ്ത് കളി മെനഞ്ഞപ്പോള്‍ പ്രതിരോധം ശക്തമാക്കി 4-5-1 എന്ന ശൈലിയിലാണ് സൗദി കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ ആക്രമണം പുറത്തെടുത്ത സൗദിക്കെതിരേ ഈജിപ്ത് താരങ്ങള്‍ പ്രതിരോധവലയം തീര്‍ക്കുകയായിരുന്നു. സൗദി ആക്രമണം തുടര്‍ന്നെങ്കിലും 21ാം മിനിറ്റില്‍ സൂപ്പര്‍ താരം സലാഹിന്റെ മികച്ചൊരു ചിപിങിലൂടെ ഈജിപ്ത് അക്കൗണ്ട് തുറന്നു. പിന്നീടും ഗോളിനായി കളത്തില്‍ പോരാട്ടച്ചൂടേറിയെങ്കിലും 45ാം മിനിറ്റിലെ എക്‌സ്ട്രാ ടൈമില്‍ ഈജിപ്ത് താരം അലി ഗബ്ബാര്‍ ഫൗള്‍ ചെയ്തതിന് സൗദിക്ക് പെനല്‍റ്റി ലഭിച്ചു. പെനല്‍റ്റിയെടുത്ത അല്‍ മുവല്ലദിന്റെ ഷോട്ട് തട്ടിയകറ്റി 45കാരനായ ഗോള്‍ കീപ്പര്‍ എല്‍ഹാദരി ടീമിനെ രക്ഷിച്ചു. തൊട്ടടുത്ത നിമിഷത്തില്‍ വീണ്ടും സൗദിക്ക് പെനാല്‍റ്റി. കിക്കെടുത്ത സല്‍മാന്‍ അല്‍ ഫറജിന് പിഴച്ചില്ല. സൗദിയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ 68ാം മിനിറ്റില്‍ അല്‍ ഹാദിരിയുടെ തകര്‍പ്പന്‍ സേവ് സൗദിയുടെ ലീഡ് മോഹത്തിന് കരിനിഴല്‍ വീഴ്ത്തി. അവസാന നിമിഷത്തില്‍ സലാം അല്‍ദവ്‌സാരി സൗദിയുടെ വിജയഗോള്‍ നേടി. അവസാന മിനിറ്റുകളില്‍ ഈജിപ്തിന് ഗോളടിക്കാന്‍ അവസരം ഓരോന്നായി പിറന്നെങ്കിലും സലാഹ് ഒഴികെയുള്ള മുന്നേറ്റ താരങ്ങള്‍ക്ക് ഗോളടിക്കാനായില്ല. ജയിച്ചില്ലെങ്കിലും ഇന്നലെ 45 കാരനായ ഈജിപ്ഷ്യന്‍ ഗോളി എല്‍ ഹാദിരി കളത്തിലിറങ്ങിയതോടെ ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി.

RELATED STORIES

Share it
Top