സൗത്ത് ബീച്ചില്‍ ടൂറിസം പോലിസിനെ നിയമിക്കണം: സംരക്ഷണ സമിതി

കോഴിക്കോട്: സൗത്ത് ബീച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതി പൂര്‍ത്തീകരണത്തിന് ചുക്കാന്‍ പിടിച്ച ടൂറിസം വകുപ്പ്, സ്ഥലം എംഎല്‍എ, പോര്‍ട്ട് അതോറിറ്റി, കോര്‍പറേഷന്‍ എന്നിവയെ സൗത്ത് ബീച്ച് സംരക്ഷണ സമിതി അഭിനന്ദിച്ചു. നവീകരിച്ച സൗത്ത് ബീച്ചില്‍ സാമൂഹിക വിരുദ്ധ ശല്യം ഇല്ലാതാക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടൂറിസം പോലിസിനെ നിയമിക്കണമെന്നും സൗത്ത് ബീച്ചിന്റെ രണ്ടാം ഘട്ട വികസനം ഉടന്‍ നടപ്പാക്കണമെന്നും സന്നാഫ് പാലക്കിയുടെ അധ്യക്ഷതയില്‍ നടന്ന സമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
ആവശ്യമായ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, സൗത്ത് ബീച്ച് റോഡിലെ ലോറികള്‍ മാറ്റാന്‍ നടപടി എടുക്കുക, പോര്‍ട്ടിന്റെ ഭൂമിയിലുള്ള ലോറി സ്റ്റാന്റ് ഒഴിവാക്കുക, സൗന്ദര്യവല്‍ക്കരിച്ച സൗത്ത് ബീച്ചിലെ ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ അടിയന്തരമായി തീര്‍ക്കുക, സൗത്ത് ബീച്ചില്‍ പോലിസ് എയിഡ് പോസ്റ്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ടൂറിസം മന്ത്രി, ടൂറിസം സെക്രട്ടറി, പോര്‍ട്ട് ഓഫിസര്‍, ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍ മേയര്‍, സ്ഥലം എംഎല്‍എ, സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
സംരക്ഷണ  സമിതി ഭാരവാഹികളായി വിമല്‍ പി റാഡിയ (ചെയര്‍മാന്‍), സിറാസ് ഡി കപ്പാസി, കെ എസ് അരുണ്‍ദാസ് (വൈസ് ചെയര്‍മാന്‍), സന്നാഫ് പാലക്കി (ജനറല്‍ കണ്‍വീനര്‍), എ വി സക്കീര്‍ ഹുസൈന്‍, എം ആര്‍ രാജേശ്വരി (കണ്‍വീനര്‍), പി ടി ആസാദ് (ഖജാഞ്ചി), ബി വി മുഹമ്മദ് അശറഫ്, കെ വി സുല്‍ഫീക്കര്‍, പി ടി മുഹമ്മദലി, എസ് സി സലീം, പി എ ബച്ചു, പി വി മുഹമ്മദ് സാലിഹ്, പി എന്‍ വലീദ്, സി ഇ വി അബ്ദുല്‍ ഗഫൂര്‍, എ ടി  അമീര്‍, ഐ പി  ഉസ്മാന്‍ കോയ, കെ എം നിസാര്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top