സൗത്ത്‌ഗേറ്റെന്ന ഇംഗ്ലീഷ് കപ്പിത്താന്‍

മോസ്‌കോ: മുമ്പ് വമ്പന്‍മാരായിരുന്നുവെങ്കിലും ഇക്കുറി ലോകകപ്പിനായി റഷ്യയിലെത്തുമ്പോള്‍ കിരീടസാധ്യതകളൊന്നുമില്ലാത്ത ടീമായിരുന്നു ഇംഗ്ലണ്ട്. സൂപ്പര്‍ താരനിരയൊന്നുമില്ലാത്തിനാല്‍ മാധ്യമങ്ങളോ വാതുവയ്പുകാരോ ഇംഗ്ലണ്ടിന്റെ പേര് പോലും ഉച്ചരിച്ചിരുന്നില്ല. എന്നാല്‍, പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ കിരീടസാധ്യതകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീമായി മാറിയിരിക്കുകയാണ് ഇവര്‍.
ടീമിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ ഗാരെറ്റ് സൗത്ത്‌ഗേറ്റെന്ന ഈ ഇംഗ്ലീഷ് കപ്പിത്താന്റെ തന്ത്രങ്ങളാണ് നിര്‍ണായകമായിട്ടുള്ളത്. ഇംഗ്ലണ്ട് ഇപ്പോള്‍ പൂര്‍ണമായും പരിശീലകന്‍ സൗത്ത്‌ഗേറ്റിന്റെ ടീമാണെന്നാണ് അറിയപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ വമ്പന്‍ താരങ്ങളുടെ സാന്നിധ്യമില്ലാത്ത ടീം. നായകന്‍ ഹാരി കെയ്ന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോളടിയന്ത്രമാണെങ്കിലും ഫുട്‌ബോളിന്റെ വമ്പന്‍ പേരുകളില്‍ ആദ്യം ചേര്‍ക്കപ്പെടുന്ന ആളല്ലായിരുന്നു ലോകകപ്പിനു മുമ്പുവരെ.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പയറ്റിത്തെളിഞ്ഞ ഒരു സംഘം യുവകളിക്കാരാണ് സൗത്ത്‌ഗേറ്റിന്റെ ശക്തി. ഓരോ പൊസിഷനിലും മികച്ച കളിക്കാരും അവര്‍ക്കൊത്ത പകരക്കാരും. ഹാരി കെയ്‌നിനെ ഈ ലോകകപ്പിലെ ഗോളടിയന്ത്രമാക്കി മാറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും സൗത്ത്‌ഗേറ്റിന്റെ ഗെയിം പ്ലാനുകളായിരുന്നു.
കൊളംബിയക്കെതിരായ ഷൂട്ടൗട്ട് വിജയത്തിനു ശേഷം ഇംഗ്ലീഷ് ഫുട്‌ബോളിനെ മേജര്‍ ടൂര്‍ണമെന്റുകളിലെ പെനല്‍റ്റി ഷൂട്ടൗട്ട് ദുരന്തത്തില്‍ നിന്നു മോചിപ്പിച്ച പരിശീലകനായാണ് ഇനി ഈ 47കാരനെ ഇംഗ്ലീഷ് മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. 1996ലെ യൂറോ സെമി ഫൈനലില്‍ ജര്‍മനിക്കെതിരേ ഷൂട്ടൗട്ടില്‍ പെനല്‍റ്റി കിക്ക് നഷ്ടമാക്കി ഇംഗ്ലീഷ് ഫുട്‌ബോളിലെ പെനല്‍റ്റി ദുരന്തനായകരുടെ ഇടയില്‍ പേരു ചേര്‍ത്തയാളായിരുന്നു മിഡ്ഫീല്‍ഡറായിരുന്ന സൗത്ത്‌ഗേറ്റ്. എന്നാല്‍, കഴിഞ്ഞ ദിവസത്തെ പെനല്‍റ്റി വിജയത്തോടെ വര്‍ഷങ്ങള്‍ക്കു ശേഷം അന്നത്തെ ദുരന്തത്തിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു.
ക്രിസ്റ്റല്‍ പാലസ്, ആസ്റ്റണ്‍ വില്ല ക്ലബ്ബുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായി മൂന്നു വര്‍ഷം അണ്ടര്‍-21 ടീമിനെ പരിശീലിപ്പിച്ച ശേഷം 2016ലാണ് സൗത്ത്‌ഗേറ്റ് ഇംഗ്ലീഷ് സീനിയര്‍ ടീമിന്റെ പരിശീലക വേഷം അണിയുന്നത്. പ്രതിരോധത്തിലും മധ്യനിരയിലും ഒരു പോലെ തിളങ്ങിയിരുന്ന താരം 1995 മുതല്‍ 2004 വരെ ഇംഗ്ലീഷ് ദേശീയ ടീമിനായി 57 മല്‍സരങ്ങളിലാണ് ബൂട്ടണിഞ്ഞത്.
മറ്റു പരിശീലകരില്‍ നിന്നു വ്യത്യസ്തമായി പ്രശസ്തമായ ഇംഗ്ലീഷ് വെയ്റ്റ് കോട്ടണിഞ്ഞാണ് ഇദ്ദേഹം മല്‍സരവേദികളിലെത്തുന്നത്. പരിശീലകനോടുള്ള ആരാധന മൂത്ത് റഷ്യന്‍ ലോകകപ്പ് തുടങ്ങിയതു മുതല്‍ ഇതുവരെ കോട്ട് വില്‍പനയില്‍ 35 ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് ഇംഗ്ലണ്ടിലെ വ്യാപാരികള്‍ പറയുന്നത്.

RELATED STORIES

Share it
Top