സൗജന്യ കൈത്തറി യൂനിഫോം: തയ്യാറാക്കിയത് 48 നിറങ്ങളിലുള്ള 23 ലക്ഷം മീറ്റര്‍ തുണി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂനിഫോം സൗജന്യമായി നല്‍കുന്നതിനു തയ്യാറാക്കിയത് 48 നിറങ്ങളിലുള്ള 23 ലക്ഷം മീറ്റര്‍ തുണി.
ഹാന്റക്‌സ്, ഹാന്‍വീവ് എന്നിവയുടെ നേതൃത്വത്തിലാണ് തുണി തയ്യാറാക്കിയത്. 163 ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും തുണി എത്തിച്ചിട്ടുണ്ട്. ഈ അധ്യയന വര്‍ഷം 3701 സ്‌കൂളുകളിലാണ് സൗജന്യ സ്‌കൂള്‍ യൂനിഫോം വിതരണം ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പു യൂനിഫോം വിതരണം നടത്തുകയെന്ന ലക്ഷ്യത്തോടെ 2017 ജൂണില്‍ആണ് നെയ്ത്ത് ആരംഭിച്ചത്. അനുബന്ധ ജോലികള്‍ ജനുവരിയില്‍ പൂര്‍ത്തിയായി. 3950 നെയ്ത്തുകാരുടെയും ഇരട്ടിയോളം അനുബന്ധ തൊഴിലാളികളുടെയും സേവനം ഇതിനായി ലഭ്യമാക്കി. നെയ്ത്തുകാര്‍ക്കു കൂലിയിനത്തില്‍ 30 കോടിയിലധികം രൂപ നല്‍കി. ഈ വര്‍ഷം പദ്ധതിക്ക് 63 കോടി രൂപ ചെലവായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍എച്ച്ഡിസി മുഖേനയാണു നൂല്‍ വിതരണം ചെയ്തത്.
നൂലിന്റെയും ഉല്‍പാദിപ്പിച്ച തുണിയുടെയും ഗുണമേ• പരിശോധിക്കുന്നതിനു പ്രത്യേകം പരിശോധനകള്‍ വിവിധ ഘട്ടങ്ങളിലായി നടത്തി. സൗജന്യ യൂനിഫോം പദ്ധതി ആരംഭിക്കുക വഴി കൈത്തറി മേഖലയില്‍ പുതിയ ഒരുണര്‍വുണ്ടാക്കാന്‍ സാധിച്ചു. പ്രവര്‍ത്തനരഹിതമായിരുന്ന ഒട്ടനവധി തറികളും സംഘങ്ങളും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞു. പദ്ധതിയുടെ ആകര്‍ഷണീയത മനസ്സിലാക്കി നെയ്ത്തു തൊഴിലില്‍ നിന്നു വിട്ടുനിന്നവരും പുതിയ തലമുറ നെയ്ത്തുകാരും ഈ തൊഴിലിലേക്കു മടങ്ങിയെത്തി. ആദ്യഘട്ടത്തില്‍ 2929 നെയ്ത്തുകാരായിരുന്നത് ഇപ്പോള്‍ 4000ത്തില്‍പ്പരമായിട്ടുണ്ടെന്നു കൈത്തറി വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
പാഠപുസ്തക അച്ചടിക്കും വിതരണത്തിനുമായുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നര മാസം മുമ്പുതന്നെ സ്വീകരിച്ചതിനാലാണു പാഠപുസ്തകങ്ങള്‍ ഇത്തവണ നേരത്തെ വിതരണം ചെയ്യാന്‍ സാധിച്ചതെന്ന് പാഠപുസ്തക ഓഫിസര്‍ അറിയിച്ചു. രണ്ടാം വാല്യം, മൂന്നാം വാല്യം പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യാനുളള അന്തിമ ഉത്തരവ് കെബിപിഎസിന് നല്‍കിയിട്ടുണ്ട്.
നിശ്ചിത തിയ്യതിക്കു മുമ്പുതന്നെ പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കും. രണ്ടാം വാല്യം 187 ടൈറ്റിലുകളിലായി 193.5 കോടി പാഠപുസ്തകങ്ങളും മൂന്നാം വാല്യം 66 ടൈറ്റിലുകളിലായി 64.57 ലക്ഷം പാഠപുസ്തകങ്ങളുമാണു വിതരണം ചെയ്യാനുള്ളത്.

RELATED STORIES

Share it
Top