സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി. ഐജി, എസ്പി തലത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ പോലിസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണം. കുറച്ചു സമയം അവിടെ ചെലവഴിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. സംസ്ഥാനത്ത 100 സ്റ്റേഷനുകള്‍ സ്മാര്‍ട്ട് പോലിസ് സ്റ്റേഷനുകളാക്കും.
സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കൂടിവരുന്നതായി യോഗം വിലയിരുത്തി. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പോക്‌സോ കേസുകളുടെ അന്വേഷണം ശക്തമാക്കുന്നതിനൊപ്പം ശിക്ഷാനിരക്ക് വര്‍ധിപ്പിക്കുകയും വെണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. 2018ല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍  ഉണ്ടായില്ല. എന്നാല്‍, വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടായി. സ്ത്രീകളെയും കുട്ടികളെയും കാണാതാവുന്ന കേസുകള്‍ വര്‍ധിച്ചു. എല്ലാ ജില്ലകളിലും മതസൗഹാര്‍ദവും സാമുദായിക ഐക്യവും മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു.
കള്ളക്കടത്തും വിധ്വംസക പ്രവര്‍ത്തനവും  പോലുള്ളവയ്ക്ക് ട്രെയിനുകളെ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യം വിലയിരുത്തി റെയില്‍വേ പോലിസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
അതേസമയം, മകള്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ഐപിഎസ് അസോസിയേഷന്റെ ഭാഗത്തുനിന്നു സഹായം ലഭിച്ചില്ലെന്ന പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍ രംഗത്തെത്തി. ഇനി അസോസിയേഷന്റെ സഹായം തനിക്ക് ആവശ്യമില്ലെന്നും എഡിജിപി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന ഐപിഎസ് അസോസിയേഷന്‍ യോഗത്തിലാണ് സുദേഷ് കുമാറിന്റെ തുറന്നുപറച്ചില്‍.

RELATED STORIES

Share it
Top