സ്‌റ്റേഷനില്‍ നഗ്നനാക്കി മര്‍ദിച്ച യുവാവ് കുഴഞ്ഞുവീണു

കോഴിക്കോട്: അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി മര്‍ദിച്ചെന്ന് പരാതി. ബാലുശ്ശേരി സ്വദേശി അനൂപ് ആണ് മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു കല്യാണവീട്ടില്‍ മദ്യപിച്ചെത്തിയ ചില പോലിസുകാര്‍ അവിടെയുള്ളവരെ അസഭ്യം പറഞ്ഞതിനെ ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് അനൂപ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. അത്തോളി സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവിനെതിരേയാണ് അനൂപിന്റെ മൊഴി. വീട്ടിലെത്തിയ എഎസ്‌ഐ കുളിമുറിയില്‍ നിന്നു തന്നെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് അനൂപ് പറയുന്നു.
ഭാര്യയെയും അമ്മയെയും അസഭ്യം പറയുകയും പോലിസ് ജീപ്പില്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയും തലമുടി പിടിച്ചുവലിക്കുകയും ചെയ്തു. ലോക്കപ്പില്‍ നഗ്‌നനാക്കിയായിരുന്നു മര്‍ദനം. ചുവരില്‍ ചേര്‍ത്തുനിര്‍ത്തി ഇടിക്കുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തുവെന്നും അനൂപ് പറഞ്ഞു. അതേസമയം, ജാമ്യം ലഭിച്ച അനൂപ് സ്‌റ്റേഷനില്‍ നിന്നു പുറത്തേക്കിറങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു.   പത്ത് മണിക്കൂറോളം ലോക്കപ്പില്‍ സൂക്ഷിച്ചതായും ജാമ്യം നല്‍കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

RELATED STORIES

Share it
Top