സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെപിന്തുണച്ച് ബാബാ രാംദേവ്


ചെന്നൈ: ആത്മീയാചാര്യന്‍ ജഗ്ഗി വാസുദേവിനു പിന്നാലെ തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് പിന്തുണയുമായി വിവാദ യോഗാഗുരു ബാബാ രാംദേവും. പ്ലാന്റിന്റെ ഓപറേറ്ററായ വേദാന്താ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനില്‍ അഗര്‍വാളിനെയും ഭാര്യയെയും ലണ്ടനില്‍ കണ്ടുമുട്ടിയ ശേഷം നടത്തിയ ട്വീറ്റിലൂടെയാണ് രാംദേവ് പിന്തുണ വ്യക്തമാക്കിയത്. അനില്‍ അഗര്‍വാളിനെ എന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ കണ്ടു. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സാമ്പത്തിക പുരോഗതിയും സൃഷ്ടിച്ചതിലൂടെ രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ അഭിവാദ്യം ചെയ്യുന്നു- രാംദേവ് ട്വീറ്റ് ചെയ്തു. വേദാന്താ ഗ്രൂപ്പിന്റെ ദക്ഷിണേന്ത്യയിലുള്ള ഒരു പ്ലാന്റില്‍ നിഷ്‌കളങ്കരായ പ്രദേശവാസികളിലൂടെ അന്താരാഷ്ട്രതലത്തിലുള്ള ഗൂഢാലോചനക്കാര്‍ കോലാഹലം സൃഷ്ടിച്ചു. രാജ്യത്തിന്റെ പുരോഗതിക്കുള്ള ക്ഷേത്രങ്ങളാണ് വ്യവസായങ്ങള്‍. അവ പൂട്ടരുതെന്നും ട്വീറ്റില്‍ രാംദേവ് ആവശ്യപ്പെട്ടു. അനില്‍ അഗര്‍വാളിനും ഭാര്യക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും രാംദേവ് ട്വിറ്ററില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനു നേര്‍ക്ക് പോലിസ് നടത്തിയ വെടിവയ്പില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ട്വിറ്ററില്‍ ഉയരുന്നത്.

RELATED STORIES

Share it
Top