സ്‌ഫോടനങ്ങളില്‍ 90 മരണം

ക്വറ്റ: തിരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ക്കിടെ പാകിസ്താനില്‍ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ 90 പേര്‍ കൊല്ലപ്പെട്ടു. ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിലാണ് 85 പേര്‍ മരിച്ചത്. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി സ്ഥാനാര്‍ഥിയായ നവാബ്‌സാദ സിറാജ് റെയ്‌സാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 180 പേര്‍ക്ക് പരിക്കേറ്റു.
ദരംഗ്രയിലെ യോഗസ്ഥലത്തേക്ക് ശരീരത്തില്‍ 20 കിലോയോളം സ്‌ഫോടകവസ്തു കെട്ടിവച്ചെത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. കൊല്ലപ്പെട്ട റെയ്‌സാനി നിയമസഭാംഗവും മുന്‍ ബലൂചിസ്താന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനുമാണ്.
ബാനു ജില്ലയുടെയും ഗോത്രജില്ലയായ വസീറിസ്താന്റെയും അതിര്‍ത്തിയില്‍ നടന്ന മറ്റൊരു സ്‌ഫോടനത്തിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. ക്വറ്റയിലെ സ്‌ഫോടനത്തിന് ഒരു മണിക്കൂര്‍ മുമ്പായിരുന്നു ഇത്. സംഭവത്തില്‍ മുന്‍മന്ത്രിയും ജെയുഐഎഫ് നേതാവുമായ അക്രം ദുറൈനിക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
മോട്ടോര്‍ബൈക്കില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. പ്രദേശത്തെ എംഎംഎ സ്ഥാനാര്‍ഥിയാണ് ദുറൈനി. അദ്ദേഹത്തിന്റെ വാഹനം മോട്ടോര്‍ ബൈക്കിന് അടുത്തെത്തിയപ്പോഴായിരുന്നു സ്‌ഫോടനം.

RELATED STORIES

Share it
Top