സ്‌പോട്ട് ബില്ലര്‍മാരുടെ നിയമനം; അജണ്ട തെറ്റിദ്ധരിപ്പിക്കുന്നതെന്ന ആക്ഷേപം ശക്തംതൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ എട്ട് സ്‌പോട്ട് ബില്ലര്‍മാരെ ടെണ്ടര്‍ നല്‍കി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച മേയറുടെ ക്രമവിരുദ്ധ നടപടി കൗണ്‍സില്‍ അംഗീകരിച്ചെന്നും വിഷയം മാറ്റിവെച്ചെന്നുമുള്ള വിവാദം നിലനില്‍ക്കേ ഈ വിഷയം സംബന്ധിച്ച അജണ്ടതന്നെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന ആരോപണമുയരുന്നു.സ്‌പോട്ട് ബില്ലര്‍മാരെ സപ്ലൈ ചെയ്യുന്നതിനുള്ള രാജീവ് വര്‍ഗ്ഗീസിന്റെ ഓഫറിന് വര്‍ക്‌സ് സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ 29.3.2017ലെ 11-ാംനമ്പര്‍ തീരുമാനപ്രകാരം അംഗീകാരം നല്‍കിയെന്നും മേയറുടെ മുന്‍കൂര്‍ അനുമതിയോടെ രാജീവിന് ഉത്തരവ് നല്‍കിയെന്നുമാണ് അജണ്ടയില്‍ പറയുന്നത്.എന്നാല്‍ അജണ്ടയില്‍ പറയുന്നപോലെ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് എതിര്‍വാദം. രാജീവിന്റെ ഓഫറില്‍ മേയറുടെ മുന്‍കൂര്‍ അനുമതിയാണ് കമ്മിറ്റിയുടെ പരിഗണനക്ക് വന്നത്. മേയറുടെ മുന്‍കൂര്‍ അനുമതി നിയമാനുസൃതം സാധുകരിക്കുന്നതായാണ് കമ്മിറ്റി തീരുമാനം മിനിറ്റ്‌സില്‍ എഴുതിയിട്ടുള്ളത്. കൗണ്‍സിലിന്റെ മാത്രം അധികാരം ഏറ്റെടുത്താണ് മേയര്‍ ഒരു വിഷയത്തില്‍ മുന്‍കൂര്‍ അനുമതി നല്‍കുന്നത്. മുന്‍കൂര്‍ അനുമതി കൗണ്‍സില്‍ അംഗീകരിക്കണമെന്നല്ലാതെ മേയര്‍ക്ക് മുകളില്‍ ഒരു കമ്മിറ്റിക്കും തീരുമാനത്തിന് അധികാരമില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.”നിയമാനുസൃത’മെന്ന കമ്മിറ്റിയുടെ പ്രയോഗം തന്നെ മേയറുടെ മുന്‍കൂര്‍ അനുമതി അധികാരത്തെ നിഷേധിക്കുന്നതാണ്. കെ.എസ്.ഇ.ബിയിലെ വ്യവസ്ഥകള്‍ അടിസ്ഥാന മാനദണ്ഡമാക്കിയുള്ളതാണ് വൈദ്യുതിവിഭാഗം പ്രവര്‍ത്തനം. കെ.എസ്.ഇ.ബിയില്‍ സ്ഥിരം നിയമനങ്ങള്‍ പി.എസ്.സി വഴിയും താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും മാത്രമേ നടത്താനാകൂ എന്നിരിക്കെ ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കിയുള്ള താല്‍ക്കാലിക നിയമനങ്ങള്‍ നിയമാനുസൃതമല്ലെന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങള്‍ കൂടിയായ പ്രതിപക്ഷനേതാവ് അഡ്വ.എം കെ മുകുന്ദനും ബി.ജെ.പിയിലെ വി രാവുണ്ണിയും ചൂണ്ടികാട്ടി. മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതിന്റെ പേരിലാണ് “നിയമാനുസൃതം’എന്ന് ചേര്‍ത്ത് കമ്മിറ്റി  തീരുമാനമെടുത്തതെന്നും നിയമം നോക്കി പാലിക്കേണ്ട ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണെന്നും അവര്‍ വിശദീകരിച്ചു. കമ്മിറ്റി തീരുമാനം തെറ്റായാണ് അജണ്ടയില്‍ എഴുതി ചേര്‍ത്തിട്ടുള്ളത്. ടെണ്ടര്‍ വിളിച്ച് 68 ജീവന—ക്കാരെ വൈദ്യുതി വിഭാഗത്തില്‍ മേയറുടെ മുന്‍കൂര്‍ അനുമതിയോടെ നിയമവിരുദ്ധമായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്-ബി.ജെ.പി പ്രതിപക്ഷം ശക്തമായ നിലപാടിലായിരുന്നു. മേയറുടെ മുന്‍കൂര്‍ അനുമതി പ്രതിപക്ഷം ഇതുവരെ അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചുവെന്ന് കൗണ്‍സില്‍ യോഗ മിനിറ്റ്‌സില്‍ കളവായി എഴുതി ചേര്‍ത്തതിനെതിരെ പ്രതിപക്ഷ ആവശ്യമനുസരിച്ച് വിളിച്ചുകൂടിയ സ്‌പെഷല്‍ കൗണ്‍സില്‍ യോഗത്തിലും വിഷയം ഭൂരിപക്ഷാഭിപ്രായപ്രകാരം വോട്ടിനിടാന്‍ തയ്യാറാകാത്തതിനെതിരെ കോണ്‍ഗ്രസ് പ്രതിപക്ഷം നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൗണ്‍സില്‍ യോഗത്തിലുണ്ടാകാത്ത തീരുമാനം കളവായി എഴുതിചേര്‍ക്കുന്നുവെന്നും തീരുമാനങ്ങള്‍ തിരുത്തി എഴുതി ജനാധിപത്യം ധ്വംസിക്കുന്നുവെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ നിലനില്‍ക്കേ അജണ്ട തയ്യാറാകുന്നതില്‍ പോലും തെറ്റും തെറ്റുദ്ധാരണയും വരുത്തുന്നുവെന്നും പുതിയ ആരോപണം കൂടി ഉയര്‍ന്നിരിക്കയാണ്. 68 കരാര്‍ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് നേരത്തെ കൗണ്‍സിലിന്റെ പരിഗണനക്കു വന്ന അജണ്ടയില്‍ താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നിയമാനുസൃതം നടത്താനാകൂ എന്നും അല്ലാതെയുള്ള കരാര്‍ നിയമനം നിയമവിരുദ്ധമാണെന്നും ഓഫീസ് കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണത്തെ അജണ്ടയില്‍ അങ്ങിനെയൊരു കുറിപ്പും ഓഫീസ് എഴുതിയിരുന്നില്ല. സ്‌പോട്ട് ബില്ലിങ്ങ് പോലുള്ളവയില്‍ കരാര്‍ നിയമനങ്ങള്‍ കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗത്തിന് ചിലവ് കുറക്കുന്നതും ആദായകരവുമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. അതിനും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.

RELATED STORIES

Share it
Top