സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കണം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബുദ്ധിപരമായുള്‍പ്പെടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സമീപത്തോ, അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്നിടത്തോ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നു നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നു ഹരജിയില്‍ പറയുന്നു.
എന്നാല്‍ സര്‍ക്കാരില്‍ നിന്നു സാമ്പത്തിക സഹായമോ, മറ്റോ ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാല്‍ ഇത്തരം സ്‌കൂളുകള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ക്ക് 3000 മുതല്‍ 5000 രൂപ വരെ ശമ്പളം നല്‍കാന്‍ മാത്രമേ നിലവില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് കഴിയുന്നുള്ളൂ. അതേസമയം ഇത്തരം സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് മേഖലയില്‍ കൊണ്ടുവരുമെന്ന് 2014 ഏപ്രിലിലും 2015 മെയിലും സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍, സ്വകാര്യ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള നടപടികള്‍ വൈകുകയാണെന്നും എത്രയും വേഗം സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

RELATED STORIES

Share it
Top