സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ രാഷ്ട്രീയ താല്‍പര്യം പാടില്ല

കൊച്ചി: കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നത് രാഷ്ട്രീയതാല്‍പര്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാവരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍ പരിയാരത്ത് 2014ല്‍ പ്രജുല്‍ എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ വിജ്ഞാപനം പിന്‍വലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിജ്ഞാപനം റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം.
കാസര്‍കോട് ഹോസ്ദുര്‍ഗിലെ അഡ്വ. സി കെ ശ്രീധരനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ഉടന്‍ നിയമിക്കണമെന്നും സിംഗിള്‍ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പ്രജുലിന്റെ പിതാവ് പി പി പ്രഭാകരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി.
പരിയാരം മൂക്കുന്നിലെ പ്രഭാകരന്റെ വീട്ടില്‍ 2014 മെയ് 13നാണ് ആക്രമണം നടന്നത്. പ്രഭാകരന്‍, ഭാര്യ, മകന്‍ പ്രജു ല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പ്രജുല്‍ പിന്നീട് ചികില്‍സയിലിരിക്കേ മരിച്ചു.
ആക്രമണവും കൊലപാതകവും രാഷ്ട്രീയ പ്രേരിതമാണെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറില്‍ വിശ്വാസമില്ലെന്നും വിചാരണയ്ക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണമെന്നുമാവശ്യപ്പെട്ട് പ്രഭാകരന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ 2016 ഏപ്രില്‍ 19ന് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. സെന്‍സേഷനല്‍ കേസാണെന്നും പൊതുജനം നിരീക്ഷിക്കുന്നതാണെന്നും ഇങ്ങനെയൊരു കേസില്‍ വീഴ്ചയുണ്ടായാല്‍ സര്‍ക്കാര്‍ നിയമസംവിധാനങ്ങള്‍ക്കെതിരേ പൊതുവികാരം രൂപപ്പെടുമെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു. അതിനാല്‍ അഡ്വ. സി കെ ശ്രീധരനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. ഇത് അനുവദിച്ച ഉത്തരവില്‍ മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഒപ്പുവച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നു. പുതിയ സര്‍ക്കാര്‍ പുതിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്ന് വീണ്ടും റിപോര്‍ട്ട് തേടി. ഈ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണ്ടെന്നാണ് പുതിയ ഡിജിപി ശുപാര്‍ശ ചെയ്തത്. ഇങ്ങനെയൊരു കേസില്‍ ഇതിന്റെ ആവശ്യമില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരായാണ് പ്രഭാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
മുന്‍ ഡിജിപി ഈ കേസിനെ സെന്‍സേഷനല്‍ കേസായി കണ്ടിരുന്നതായി ഹരജി പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു. ഒരു സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണമെന്നു പറഞ്ഞ കേസില്‍ അത് ആവശ്യമില്ലെന്ന് പുതിയ സര്‍ക്കാര്‍ പറയുന്നത് കള്ളക്കളി ലക്ഷ്യമാക്കിയിട്ടുണ്ടെന്ന് സംശയിക്കാന്‍ കാരണമാവുന്നു. കൊല്ലപ്പെട്ടയാളുടെ കരച്ചില്‍ മറയ്ക്കാന്‍ പാടുള്ളതല്ല. ഹരജിക്കാരനുതന്നെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാഗ്യത്തിനാണു രക്ഷപ്പെട്ടത്. ഹരജിക്കാരന്റെ ഭാര്യയുടെ കാര്യവും വ്യത്യസ്തമല്ല. മകന്‍ കൊല്ലപ്പെട്ടു. അതിനാല്‍, അവരുടെ ആവശ്യത്തിന് മതിയായ വില നല്‍കുകയാണെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് സ്‌െപഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഉത്തരവിട്ടത്.

RELATED STORIES

Share it
Top