സ്‌നേഹപൂര്‍വം പദ്ധതി: ഈ വര്‍ഷംഅപേക്ഷകള്‍ കുറവ്

നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: രക്ഷിതാക്കള്‍ മരണമടഞ്ഞ കുട്ടികള്‍ക്കു സഹായം നല്‍കുന്ന 'സ്‌നേഹപൂര്‍വം' പദ്ധതിക്കായി ഈ വര്‍ഷം അപേക്ഷ നല്‍കിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കുറവ്. സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഇത്തവണ ലഭിച്ചത് 62,498 അപേക്ഷകളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 502 പേരുടെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം അപേക്ഷ നല്‍കിയവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. എല്ലാ ജില്ലകളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ വ്യക്തിഗതമായ അപേക്ഷകളും പദ്ധതി അധികൃതരെ തേടിയെത്തിയിട്ടുണ്ട്. മാതാവ് അല്ലെങ്കില്‍ പിതാവ് അതുമല്ലെങ്കില്‍ രണ്ടു പേരും മരണമടഞ്ഞ കുട്ടികളുടെ സംരക്ഷണത്തിനായാണു സ്‌നേഹപൂര്‍വം പദ്ധതി. 18 വയസ്സില്‍ താഴെയുള്ള ഏകദേശം 73,000 കുട്ടികളാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനാഥാലയങ്ങളില്‍ അധിവസിക്കുന്നത്. ഇത്തരം കുട്ടികള്‍ക്കു വേണ്ടിയാണ് പദ്ധതി പ്രധാനമായും സര്‍ക്കാര്‍ നടപ്പാക്കുന്നത്. മാതാപിതാക്കള്‍ ആരെങ്കിലും മരണപെടുകയോ നിലവില്‍ സംരക്ഷിക്കുന്ന വ്യക്തിക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും പരാധീനതകള്‍ ഉള്ളതാണെങ്കിലും അപേക്ഷിക്കാം. ഇത്തരത്തില്‍ അപേക്ഷ നല്‍കുന്നവരില്‍ നിന്ന് അര്‍ഹരായ കുട്ടികള്‍ക്കു സ്‌കൂള്‍ തലം മുതല്‍ ഡിഗ്രി വരെ മാസം തോറും പഠന സഹായം നല്‍കുന്നവെന്നതാണു പദ്ധതിയുടെ പ്രത്യേകത. സമൂഹത്തില്‍ സംരക്ഷിക്കപ്പെടാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരുന്ന കുട്ടികളെ കണ്ടെത്തുക, സാമൂഹികസുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസ്സിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്‌നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിനു സഹായിക്കുക, കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യം, പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസ്സം കൂടാതെ മുന്നോട്ടുപോവുന്നതിനു സഹായം നല്‍കുക തുടങ്ങിയവയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.  അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ വീതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. ആറു മുതല്‍ 10  വരെ പഠിക്കുന്ന കുട്ടികള്‍ക്കു പ്രതിമാസം 500 രൂപയും പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കു പ്രതിമാസം 750 രൂപയും നല്‍കിവരുന്നു. ഡിഗ്രി, പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കും. മാതാവ് അല്ലെങ്കില്‍ പിതാവ്, അല്ലെങ്കില്‍ രണ്ടു പേരും മരണമടഞ്ഞ കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതി ആയതിനാല്‍ മറ്റ് സ്‌കോളര്‍ഷിപ്പോ, സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാവും.

RELATED STORIES

Share it
Top