സ്‌നേഹംകൊണ്ടു ചികില്‍സിച്ച ശാന്തകുമാര്‍ ഡോക്ടര്‍ക്ക്് ഇന്ന്് യാത്രാമൊഴി

കോഴിക്കോട്: പതിറ്റാണ്ടുകളോളം മലബാറിന്റെ മനസിനെ ശാന്തമാക്കിയ ശാന്തകുമാര്‍ ഡോക്ടര്‍ വിടവാങ്ങി. മനശാസ്ത്ര ചികില്‍സാ ശാഖക്ക് ഇന്നു കാണുന്ന വൈപുല്യം കൈവരുന്നതിനു മുമ്പ് മനശാസ്ത്രചിന്തകളെ ജനകീയമാക്കാന്‍ യജ്ഞിച്ച ചികില്‍സകനായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളിലെ സമഗ്രമായ മനോരോഗ ചികില്‍സകള്‍ നേരില്‍ കാണാനും പങ്കുകാരനാവാനും സാധിച്ചതിലൂടെ നേടിയ ആത്മവിശ്വാസമായിരുന്നു ഡോക്ടറുടെ കൈമുതല്‍. ഒരുകാലത്ത് മലബാറിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ മനശാസ്ത്ര സംബന്ധമായ നിരവധി പ്രഭാഷണങ്ങള്‍ നടത്തി മനോവ്യവഹാരങ്ങളുടെ സങ്കീര്‍ണ്ണതകളെ ലളിതമായി അവതരിപ്പിച്ചു. ഭ്രാന്തിന് ചികില്‍സയില്ലെന്നു മലയാളി കരുതിയ കാലത്തില്‍ നിന്ന്, വിദ്യാലയങ്ങള്‍ തോറും മനശാസ്ത്ര കൗണ്‍സലിങ് നടക്കുന്ന പുതിയകാലത്തിലേക്ക് നാടിനെ നയിച്ചതില്‍ ഇദ്ദേഹത്തിനു നിര്‍ണായ പങ്കുണ്ട്.
സാധാരണക്കാരന് മനസിലാവുന്ന ഭാഷയില്‍ സങ്കീര്‍ണ മനശാസ്ത്ര തത്വങ്ങള്‍ അവതരിപ്പിക്കാനായി എന്നതുതന്നെയാണ് ഇദ്ദേഹത്തിന്റെ ഈ മേഖലയിലെ സംഭാവനകളില്‍ പ്രധാനം. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇദ്ദേഹം എഴുതിയ നൂറില്‍ അധികം പുസ്തകങ്ങള്‍ മനശാസ്ത്ര മേഖലയുടെ വ്യത്യസ്ത ഊടുവഴികളിലേക്ക് വായനക്കാരെ നയിക്കു. വ്യക്തി ജീവിതത്തില്‍ മാനസിക നിയന്ത്രണത്തിനു സഹായകമായ നിരവധി മലയാള പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.
വ്യക്തിത്വ വികാസത്തിന്റെ മനശാസ്ത്ര രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ജീവിത ശൈലിയും വ്യക്തിത്വവും, കുട്ടികളെ വളര്‍ത്തേണ്ട മനശാസ്ത്ര സമീപനങ്ങള്‍ വ്യക്തമാക്കുന്ന രക്ഷിതാവറിയാന്‍, മനശക്തിയും ആത്മവിശ്വാസവും, മനസമാധാനത്തിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍, കാമ്പസ് കൗമാരം തുടങ്ങിയ മലയാള പുസ്തകങ്ങള്‍ മലയാളിയുടെ കുടുംബാംന്തരീക്ഷത്തെ വളരെയേറെ സ്വാധീനിച്ചവയാണ്. ലളിതമായി പെരുമാറുകയും ലളിതമായി ചികില്‍സിക്കുകയും ചെയ്യുക എന്നതായിരുന്നു ഡോക്ടറുടെ രീതിശാസ്ത്രം. സ്‌നേഹവും ചികില്‍സയും തമ്മില്‍ വ്യത്യാസങ്ങളില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്.
സ്‌നേഹം തന്നെയായിരുന്നു ഇദ്ദേഹത്തിന് ചികില്‍സ. സ്‌നേഹവും ചികില്‍സയും എന്ന പേരില്‍ ഈ വിഷയത്തെ കുറിച്ച് പുസ്തകം തന്നെ എഴുതിയിട്ടുണ്ട് അദ്ദേഹം. സ്‌നേഹത്തില്‍ വിശ്വസിക്കുകയും സ്‌നേഹം ജീവിതചര്യയായി മാറുകയും ചെയ്യുമ്പോള്‍ ഏത് മാറാരോഗത്തില്‍ നിന്നും മനുഷ്യന് വിമുക്തി നേടാമെന്ന് അദ്ദേഹം ഈ പുസ്തകത്തില്‍ കുറിച്ചുവെച്ചു. സ്‌നേഹം കൊണ്ട് ചികില്‍സിച്ച്, ആയിരക്കണക്കിനു മനുഷ്യരെ സ്‌നേഹത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റി ശാന്തകുമാര്‍ ഡോക്ടര്‍ ശാന്തനായി മടങ്ങി.

RELATED STORIES

Share it
Top