സ്‌ട്രോബെറിയിലെ സൂചി സായുധാക്രമണത്തിനു തുല്യം: ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി

സിഡ്‌നി: സ്‌ട്രോബെറിയില്‍ തയ്യല്‍ സൂചി ഒളിപ്പിച്ചുവയ്ക്കുന്നത് സായുധാക്രമണത്തിനു തുല്യമായ കുറ്റകൃത്യമാണെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഇത്തരക്കാര്‍ക്ക് 15 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ആസ്‌ത്രേലിയയില്‍ വില്‍പനയ്‌ക്കെത്തുന്ന സ്‌ട്രോബെറികളില്‍ സൂചി കാണപ്പെടുന്നുണ്ട്.
സൂചി കയറ്റിയ സ്‌ട്രോബെറി കഴിച്ച് ഒരാള്‍ ആശുപത്രിയിലാവുകയും ചെയ്തു. ആറു സംസ്ഥാനങ്ങളിലെ കടകളിലാണ് സൂചി കയറ്റിയ സ്‌ട്രോബെറി വില്‍പനയ്‌ക്കെത്തിയത്. സ്‌ട്രോബെറിയുടെ വില കുത്തനെ ഇടിയുകയും വില്‍പന കുറയുകയും ചെയ്തു. ഭക്ഷണത്തില്‍ വിഷം ചേര്‍ക്കുന്ന കുറ്റമായി ഇതു പരിഗണിക്കുകയും ഇതിനുള്ള തടവുശിക്ഷ 15 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്യുന്ന കാര്യം പാര്‍ലമെന്റ് പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഭ്യന്തര വില്‍പനയും കയറ്റുമതിയും തടസ്സപ്പെട്ടതോടെ സ്‌ട്രോബെറി പള്‍പ്പാക്കി മാറ്റാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍. അതിനിടെ, സ്‌ട്രോബെറി കഴിക്കാമെന്നും മുറിച്ച ശേഷം അതില്‍ സൂചി ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ഭക്ഷ്യവകുപ്പ് നിര്‍ദേശം പുറത്തിറക്കി.

RELATED STORIES

Share it
Top