സ്‌ക്രിപാലിനു നേരെ രാസവസ്തു ആക്രമണം: റഷ്യന്‍ ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ തിരിച്ചറിഞ്ഞു

ലണ്ടന്‍: മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെ രാസവസ്തു പ്രയോഗിച്ച കേസില്‍ പ്രതികളെന്നു സംശയിക്കുന്ന റഷ്യന്‍ ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ തിരിച്ചറിഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. മാര്‍ച്ച് നാലിനാണ് സാലിസ്ബറി നഗരത്തില്‍ സ്‌ക്രിപാലിനെയും മകളെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെന്നു സംശയിക്കുന്നവരെ തിരിച്ചറിഞ്ഞത്. ആക്രമണത്തില്‍ നിരവധി റഷ്യക്കാര്‍ക്ക് പങ്കുണ്ടെന്നും എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. ഇക്കാലയളവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു ബ്രിട്ടനിലേക്ക് എത്തിയവരെക്കുറിച്ച് അറിയാന്‍ സുരക്ഷാ വിഭാഗത്തിന്റെ കാമറകള്‍ അന്വേഷണ സംഘം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. സ്‌ക്രിപാലിന്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. മകള്‍ യൂലിയ ആശുപത്രി വിട്ടെങ്കിലും ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
സ്‌ക്രിപാലിനെതിരേ 1970ല്‍ സോവിയറ്റ് സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് രാസവസ്തുവാണ് പ്രയോഗിച്ചതെന്നും ഇതിനു പിന്നില്‍ റഷ്യയാണെന്നും ബ്രിട്ടന്‍ നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്.
ഈ മാസം ആദ്യത്തില്‍ അമിസ്‌ബെറി നഗരത്തിലും ബ്രിട്ടിഷ് ദമ്പതികളെ സമാന രീതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഭാര്യ മരിച്ചു, ഭര്‍ത്താവ് അബോധാവസ്ഥയില്‍ തുടരുകയാണ്. അവരുടെ വീടിനു സമീപത്തു നോവിചോകിന്റെ സാന്നിധ്യം കണ്ടെത്തിയതായും പോലിസ് അറിയിച്ചിരുന്നു.

RELATED STORIES

Share it
Top