സ്‌കൂള്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധം

മടവൂര്‍  അബ്ദുല്‍  ഖാദര്‍

ഇരിക്കൂര്‍ (കണ്ണൂര്‍): പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്‌കൂള്‍ വാഹനങ്ങളില്‍ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സംവിധാനം നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച് വാഹനഗതാഗത വകുപ്പ് നടപടികള്‍ തുടങ്ങി. സ്‌കൂള്‍ വാഹനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.
സ്‌കൂള്‍ വാഹനങ്ങളില്‍ സിസിടിവി, ജിപിഎസ് സംവിധാനങ്ങള്‍ ഒരുക്കണമെന്ന് സിബിഎസ്ഇയുടെ മാര്‍ഗനിര്‍ദേശമുണ്ട്. 2017 ജനുവരിയില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് 12 കുട്ടികളും ഡ്രൈവറും മരിക്കുകയും ഒട്ടേറെ കുട്ടികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.
തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്‌കൂള്‍വാഹനങ്ങളില്‍ നേരത്തേ ജിപിഎസ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും കേരളത്തില്‍ പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ വൈകി.  ബസ്സുകളുടെ ജനലുകളില്‍ സമാന്തര ഗ്രില്ലുകളും പരമാവധി 40 കിലോമീറ്റര്‍ പരിധിയില്‍ സ്പീഡ് ഗവേണറും സ്ഥാപിക്കണം. ജിപിഎസും സിസിടിവിയും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ചപറ്റുകയും അപകടങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ സ്‌കൂള്‍ മാനേജ്‌മെന്റായിരിക്കും ഉത്തരവാദി.
വാഹനങ്ങളി ല്‍ അലാറം ബെല്ലുകളും സൈറണുകളും സ്ഥാപിക്കണം. ബസ്സില്‍ പരിശീലനം ലഭിച്ച അറ്റന്‍ഡര്‍ ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഒരു മൊബൈല്‍ഫോ ണ്‍ ബസ്സില്‍ ഉണ്ടാവണമെന്നും കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
ജിപിഎസ് സംവിധാനം വരുന്നതോടെ ഓരോ സ്ഥലങ്ങളിലെയും സ്‌കൂള്‍ വാഹനങ്ങളുടെ വേഗവും കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോവുന്നതുമെല്ലാം ഗതാഗതവകുപ്പ് അധികൃതര്‍ക്ക് തല്‍സമയം കണ്ടെത്തി നടപടി സ്വീകരിക്കാനാവും. കേന്ദ്രനിര്‍ദേശത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി നിയമം കര്‍ശനമായി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രത്യേക ബോധവല്‍ക്കരണം നടത്തും.

RELATED STORIES

Share it
Top