സ്‌കൂള്‍ മാനേജരെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അയോഗ്യനായി പ്രഖ്യാപിച്ചു

മാള: പൊയ്യ എ കെ എം ഹൈസ്‌കൂളിന്റെ മാനേജര്‍ ജോസ് ഐ അമ്പൂക്കനെ അയോഗ്യനായി പ്രഖ്യാപിച്ച് തൃശ്ശൂര്‍ ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ കെ സുമതി വീണ്ടും ഉത്തരവിട്ടു. പി എസ് സോമന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്‌കൂളില്‍ ഒഴിവ് വന്ന യു പി എസ് എ ഒഴിവിലേക്ക് പി എസ് സോമനെ നിയമിക്കാത്തതിന്റേയും ആയതിന്റെ ഇരിങ്ങാലക്കുട ജില്ലാ വിദ്യഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശം അംഗീകരിക്കാത്തതിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നിലവിലുണ്ടായിരുന്ന യു പി എസ് എ അധ്യാപിക ഷൈനി ചാണ്ടി ഹൈസ്‌കൂളിലേക്ക് പ്രമോഷനായി പോയപ്പോള്‍ 2005 ജൂണ്‍ ഏഴിന് പി എസ് സോമന്‍ തല്‍സ്ഥാനത്ത് നിയമിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ മാനേജര്‍ സമ്മതിച്ചിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ 2005 ജൂണ്‍ ഏഴ് മുതല്‍ 2010 ജൂണ്‍ അഞ്ച് വരെയുള്ള പി എസ് സോമന്റെ നിയമനം ശമ്പളമില്ലാത്ത നിയമനമായി അംഗീകരിച്ചുകൊണ്ട് 2015 ഡിസംബര്‍ രണ്ടിന് ബി 1/5646/2014 പ്രകാരം ഇരിങ്ങാലക്കുട വിദ്യഭ്യാസ ഓഫീസര്‍ ഉത്തരവായിരുന്നു.
സോമനെ പുനര്‍നിയമിക്കുന്നതിനായി നിലവിലെ അധ്യാപക നിയമനത്തിനുള്ള അവകാശികളുടെ സീനിയോറിറ്റി പുനഃക്രമീകരിക്കുന്നതിന് ഉത്തരവായിരുന്നെങ്കിലും മാനേജര്‍ അവഗണിക്കുകയായിരുന്നു. ഇതിനെതിരെ സോമന്‍  ൈഹക്കോടതിയില്‍ കൗണ്ടര്‍ പെറ്റീഷന്‍ നല്‍കി. 2015 നവംബര്‍ നാലിന് ഇടക്കാല ഉത്തരവിലൂടെ ഇരിങ്ങാലക്കുട ജില്ലാ വിദ്യഭ്യാസ ഓഫീസറുടെ ഉത്തരവ് നടപ്പിലാക്കാത്ത മാനേജര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കൂടാതെ സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകളും സര്‍ക്കാര്‍ ഉത്തരവുകളും നടപ്പിലാക്കാത്ത മാനേജരുടെ നടപടി അംഗീകരിക്കാന്‍ പ്രയാസമാണെന്നും ഈ സാഹചര്യത്തില്‍ മാനേജരെ അയോഗ്യത കല്‍പ്പിച്ച് തല്‍സ്ഥാനത്ത് നിന്നും മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ സൂചന നാല് പ്രകാരം തൃശ്ശൂര്‍ ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടറോട് നിര്‍ദ്ധേശിക്കുകയുമുണ്ടായി. പൊതു വിദ്യഭ്യാസ ഡയറക്ടറുടെ നിര്‍്േദ്ദശത്തിന്റെ അടിസ്ഥാനത്തില്‍ ജോസ് ഐ അമ്പൂക്കനെ കേരള വിദ്യഭ്യാസ ചട്ടം ഏഴ് അദ്ധ്യായം മൂന്ന് പ്രകാരം മാനേജര്‍ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ട് തൃശ്ശൂര്‍ വിദ്യഭ്യാസ ഉപഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ ജി ശരത്ചന്ദ്രന്‍ ഉത്തരവായിരുന്നു.
ഇതിന് അധികചുമതലയുള്ള ജി ശരത്ചന്ദ്രന് അധികാരമില്ലെന്ന് കാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2017 ഫെബ്രുവരി 27 ന് ഡബ്ലിയു പി (സി) 30477/2016 നമ്പര്‍ പ്രകാരം ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ സാഹചര്യത്തില്‍ മേല്‍ ഉത്തരവ് റദ്ദാക്കിയാണ് പുതിയ ഉത്തരവിലൂടെ മാനേജര്‍ സ്ഥാനത്ത് തുടരുന്നതില്‍ നിന്നും അയോഗ്യത പ്രക്യാപിച്ചുകൊണ്ട് വീണ്ടും തൃശ്ശൂര്‍ വിദ്യഭ്യാസ ഉപഡയറക്ടര്‍ ഉത്തരവായത്.

RELATED STORIES

Share it
Top