സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജി നല്‍കി; പങ്ക് അന്വേഷിക്കും

കൊല്ലം: ഗൗരി നേഹയുടെ മരണത്തില്‍ ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പലിന് പങ്കുണ്ടോയെന്ന് അന്വേഷണം ആരംഭിക്കുമെന്ന സൂചനകള്‍ക്കിടയില്‍ പ്രിന്‍സിപ്പല്‍ രാജി നല്‍കി. മാനേജ്‌മെന്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണ്‍ രാജി നല്‍കിയത്. അതേ സമയം പ്രിന്‍സിപ്പലിന്റെ വിവാദമായ നടപടികളുടെ പശ്ചാത്തലത്തില്‍ പോലിസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണ്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. ഇതിനു മുന്നോടിയായി വരുംദിവസങ്ങളില്‍ പ്രിന്‍സിപ്പലിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ പ്രിന്‍സിപ്പലിനെതിരേ ഗൗരിയുടെ അമ്മ പരാതി നല്‍കിയിണ്ട്. വെസ്റ്റ് സിഐ ബിജുവിനാണ് അന്വേഷണ ചുമതലയെന്ന് കമ്മീഷ്ണര്‍ ഡോ.എ ശ്രീനിവാസ് പറഞ്ഞു. ഗൗരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട അധ്യാപികമാര്‍ക്ക്  വന്‍ വരവേല്‍പ്പ് നല്‍കിയാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സസ്‌പെന്‍ഡ് കാലാവധിയ്ക്കുശേഷം തിരിച്ചെടുത്തത്. ഇത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കി അധ്യാപികമാര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്.  കമ്മിഷണര്‍ എ ശ്രീനിവാസ്  ഇതുസംബന്ധിച്ച് സ്‌കുള്‍ മാനെജ്‌മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടിയിരുന്നു. എന്നാല്‍ മാനെജ്‌മെന്റിന്റെ വിശദീകരണം തൃപ്തികരമല്ലായിരുന്നു. മാനെജ്‌മെന്റിന്റെ നടപടി പ്രതിഷേധത്തിന് ഇടയായതോടെ അധ്യാപികമാര്‍ക്ക മാനെജ്‌മെന്റ് നിര്‍ബ്ബന്ധിത അവധി നല്‍കുകയായിരുന്നു. വിവാദമായ നടപടികളെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനെജര്‍ക്ക് നോട്ടീസയച്ചിരുന്നു. തന്നെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സ്‌കൂള്‍ മാനെജര്‍ക്കാണ് അതിനുള്ള അധികാരമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top