സ്‌കൂള്‍ പ്രവേശനത്തിന് പണപ്പിരിവ്: യുവജന സംഘടനകള്‍ സമരരംഗത്ത്

കുറ്റിയാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തിന് രക്ഷിതാക്കളില്‍ നിന്ന് ഭീമമായ പണം വാങ്ങുന്നുവെന്ന് ആരോപിച്ച് യുവജന സംഘടനകള്‍ സമരത്തിലേക്ക്. കുറ്റിയാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തരം പ്രവേശനത്തോടനുബന്ധിച്ച് പിടിഎ ഫണ്ടിലേക്ക് രക്ഷിതാക്കളില്‍ നിന്ന് 12000 രൂപ വാങ്ങുന്നുവെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐയും കെഎസ്‌യുവും രംഗത്തുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും പ്രകടനം നടത്തി.അതിനിടെ പിടിഎ കമ്മിറ്റി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.
എട്ടാം ക്ലാസ് പ്രവേശനത്തിന് രക്ഷിതാക്കളില്‍ നിന്ന് പതിനായിരം രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ഡിവൈഎഫ് നേതാക്കള്‍ക്ക് ചിലര്‍ പരാതി നല്‍കിയെന്നും നേതാക്കള്‍ പറഞ്ഞു.അതേസമയം സ്‌കൂളില്‍ നിന്ന് എട്ടാം ക്ലാസ് പ്രവേശനത്തിന് നിര്‍ബന്ധിത പണം പിരിക്കുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് പിടിഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേനത്തില്‍ അറിയിച്ചു. സ്‌ക്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി അരക്കോടി രൂപ പിടിഎ സമാഹരിക്കേണ്ടതുണ്ട്. വിഭവ സമാഹരണത്തില്‍ രക്ഷിതാക്കളുടെ സഹകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. എന്നാല്‍ പണം നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പ്രവേശനം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും ഭാരവാഹികള്‍ ഉറപ്പു നല്‍കി.വാര്‍ത്താ സമ്മേളനത്തില്‍ പി ടി എ പ്രസിഡന്റ് കെ പി അബ്ദുള്‍ റസാഖ്, കേളോത്ത് റഷീദ്, അനസ് പങ്കെടുത്തു

RELATED STORIES

Share it
Top