സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധം

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കിക്കൊണ്ട് സംസ്ഥാനത്തെ പുതിയ ആരോഗ്യനയത്തിന്റെ കരട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന വാക്‌സിനേഷന്‍ പദ്ധതികള്‍ക്കെതിരേ അനാവശ്യ പ്രചാരണവും പ്രതിഷേധവും നടക്കുന്ന സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യനയം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
പ്രതിരോധ കുത്തിവയ്പിനെതിരായ പ്രചാരണം പരാജയപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും ആരോഗ്യനയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഡോ. ബി ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ആരോഗ്യനയം മന്ത്രിസഭ അംഗീകരിച്ചു.
ആരോഗ്യമേഖലയെ പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കാനും ആരോഗ്യനയത്തില്‍ നിര്‍ദേശമുണ്ട്. ആരോഗ്യരംഗത്തെ സ്വകാര്യവല്‍ക്കരണം, മാറുന്ന രോഗക്രമവും ചികില്‍സാ ചെലവും അടക്കമുള്ള വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ വരുംകാല പ്രവര്‍ത്തനങ്ങളുടെ ഒരു മാര്‍ഗരേഖ എന്ന നിലയിലാണ് ആരോഗ്യനയം വിഭാവന ചെയ്തിട്ടുള്ളത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ നവീകരണം തുടങ്ങാനാണ് നിര്‍ദേശം. ഓരോ പഞ്ചായത്തിലും ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം നിര്‍ബന്ധമായും ഉണ്ടാവണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകീട്ട് ആറുവരെയാക്കും. മെഡിക്കല്‍ കോളജുകളില്‍ റഫറല്‍ സംവിധാനം നിര്‍ബന്ധമാക്കും. കാഷ്വാലിറ്റി വിഭാഗത്തെ അപകടരോഗ ചികില്‍സയ്ക്ക് പ്രാമുഖ്യം നല്‍കി അടിമുടി നവീകരിക്കും.
പിജി കോഴ്‌സുകളുടെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളുടെയും സീറ്റിന്റെ എണ്ണം മാനവവിഭവശേഷിയുടെ ആവശ്യകതയ്ക്കും ലഭ്യതയ്ക്കും അനുസൃതമായി തീരുമാനിക്കുന്നതാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും ഫാര്‍മസി കോളജുകള്‍ സ്ഥാപിക്കും. അവയവമാറ്റ ശസ്ത്രകിയ, ആദിവാസി മേഖലയിലെ ചികില്‍സ, തുടങ്ങി എല്ലാ മേഖലകളിലും ആരോഗ്യനയം കടന്നുചെന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കരട് നയം സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും 27നകം സമര്‍പ്പിക്കാം. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച ശേഷം നയം 27ന് നിയമസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top