സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് വില്‍പനയ്ക്കിടെ രണ്ടുപേര്‍ അറസ്റ്റില്‍

വടകര: നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളുകള്‍ക്ക് സമീപം വച്ച് കഞ്ചാവ് വില്‍പനക്കിടെ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. കൈനാട്ടി സ്വദേശി കൊളങ്ങാട്ട് ഖാലിദ്(55), തോടന്നൂര്‍ കന്നിനട ചെറിയ വളപ്പില്‍ ഇബ്രാഹിം(49) എന്നിവരെയാണ് വടകര എസ്‌ഐ സികെ രാജേഷും സംഘവും പിടികൂടിയത്. നഗരത്തിലെ ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്നാണ് ഖാലിദിനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കയ്യില്‍ നിന്നും 40 ഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. ഇയാള്‍ സമാന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പോലിസ് പറഞ്ഞു.
ഗവ. സംസ്‌കൃതം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് വച്ചാണ് ഇബ്രാഹീമിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ 10നും 11നും ഇടയില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നതറിഞ്ഞ പോലിസ് രഹസ്യമായി നടത്തിയ നിരീക്ഷണത്തിലൂടെയാണ് പ്രതികളെ വലയിലാക്കിയത്.
കഞ്ചാവ് വില്‍പനയില്‍ വിദ്യാര്‍ഥികള്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചതായി എസ്‌ഐ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വില്‍പന തടയിടുന്നതില്‍ പോലിസ് ശക്തമായ നടപടിയെടുക്കുമെന്നും, ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും എസ്‌ഐ അറിയിച്ചു.

RELATED STORIES

Share it
Top