സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ പാഠ പുസ്തകങ്ങള്‍ ലഭിക്കും



പാലക്കാട്: സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ഇപ്രാവശ്യം വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍  ലഭിക്കും. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്കുള്ള പാഠപുസ്തകങ്ങള്‍ ഒരാഴ്ചയ്ക്കകം സ്‌കൂളുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. 2017 മാര്‍ച്ച് ആദ്യവാരം തന്നെ പുസ്തകങ്ങള്‍ ജില്ലയിലെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ്  അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള പുസ്തകങ്ങള്‍ സ്‌കൂള്‍ പൂട്ടുന്നതിന് മുന്‍പ് തന്നെ അച്ചടിച്ച് വിതരണത്തിന് സജ്ജമാക്കുന്നത്, കുട്ടികള്‍ അമിതഭാരം ചുമക്കുന്നത് ഒഴിവാക്കാനായി  ഇപ്രാവശ്യം മൂന്ന് വാല്യങ്ങളായാണ് പുസ്തകങ്ങള്‍ അച്ചടിച്ചിരിക്കുന്നത്.ഭാരിച്ച പുസ്തകങ്ങള്‍ ദിവസേന സ്‌കൂളുകളിലേയ്ക്ക് ചുമക്കുന്നത് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത് കണക്കിലെടുത്താണ് മൂന്ന് വാല്യങ്ങളായി  അച്ചടിച്ചത്. ഇത് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മനുഷ്യാവകാശ കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. മെയ് 15 വരെ 16,68,477 പുസ്തകങ്ങള്‍ വിതരണം ചെയ്തു. 96 ശതമാനം ഹൈസ്‌കൂളുകളിലും പുസ്തകങ്ങളെത്തി. എല്‍പി, യുപി ക്ലാസുകളിലെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ 233 സ്‌കൂള്‍ സൊസൈറ്റികളിലൂടെയാണ് ഗവ. എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്)ക്കാണ് ഇപ്രാവശ്യം അച്ചടിയുടെയും വിതരണത്തിന്റെയും ചുമതല. ജില്ലയിലെ സൊസൈറ്റികളില്‍ കെബി പിഎസ് എത്തിക്കുന്ന പുസ്തകങ്ങള്‍ താമസം കൂടാതെ പ്രധാനാധ്യാപകര്‍ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.

RELATED STORIES

Share it
Top