സ്‌കൂള്‍ ജീവനക്കാരിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

കോന്നി: മാങ്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫിസ് ജീവനക്കാരി തനൂജയുടെ (42) ദുരൂഹ മരണത്തില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റു ചെയ്തു. പാടം പി എസ് ഹൗസില്‍ മനോജ് എന്നറിയപ്പെടുന്ന ദിലീപി (43)നെയാണു കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊടുമണ്‍ ഏരിയാ കമ്മിറ്റിയുടെ കീഴില്‍പെടുന്ന സിപിഎം പാടം ബ്രാഞ്ച് സെക്രട്ടറി ആണ് അറസ്റ്റിലായ ദിലീപ്.
കഴിഞ്ഞ മാസം 28 നാണ് തനൂജയെ ഭര്‍ത്തൃ ഗൃഹത്തില്‍ ഇലക്ട്രിക് വയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു നാട്ടുകാര്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുകയും സിപിഎം നേതാവായ ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കാട്ടി മാതാവ് ഇന്ദിര ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
മരണത്തില്‍ പ്രേരണാക്കുറ്റം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയോടെ മനോജിനെ സംഘം അറസ്റ്റ് ചെയ്തത്. മനോജ് നിരന്തരം തനൂജയെ ഉപദ്രവിച്ചിരുന്നതായും പോലിസ് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ മനോജിനെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top