സ്‌കൂള്‍ ചലോ പദ്ധതിയെ പിന്തുണയ്ക്കുക: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: സ്‌കൂള്‍ ചലോ വിദ്യാഭ്യാസ പദ്ധതിക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. ഒരു ദശകമായി വിവിധ സംസ്ഥാനങ്ങളില്‍ സംഘടന വിജയകരമായി നടത്തിവരുന്ന പദ്ധതിയാണ് സ്‌കൂള്‍ ചലോ. രാജ്യത്തെ 60 ശതമാനം കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ലെന്നും 90 ശതമാനം കുട്ടികള്‍ വിവിധ ഘട്ടങ്ങളിലായി കൊഴിഞ്ഞുപോകുന്നുവെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലെ ചേരികളിലുമുള്ള നിരവധി കുട്ടികള്‍ സ്‌കൂളുകളില്‍ ചേരുന്നു പോലുമില്ല. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പോപുലര്‍ ഫ്രണ്ട് രണ്ടുമാസക്കാലം നടത്തുന്ന സ്‌കൂള്‍ ചലോ പരിപാടിയില്‍ വിവിധങ്ങളായ ബോധവല്‍ക്കരണ, സഹായ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ സര്‍വേ, ഗൃഹസമ്പര്‍ക്ക സാക്ഷരതാ പരിപാടികള്‍, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ബോധവല്‍ക്കരണ പരിപാടികള്‍, കൊഴിഞ്ഞുപോവുന്ന കുട്ടികളെ കണ്ടെത്തി പുനപ്രവേശനത്തിന് സഹായിക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ സംഘടിപ്പിക്കും. ഇതിന് പുറമേ, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണം ഈ വര്‍ഷവും നടത്തും. കിഴക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലും മറ്റ് സംസ്ഥാനങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലുമാണ് കാംപയിന്‍. തിരഞ്ഞെടുക്കപ്പെട്ട പിന്നാക്ക ഗ്രാമങ്ങള്‍ സര്‍വശിക്ഷാ ഗ്രാമങ്ങളായി (എസ്എസ്ജി) ഏറ്റെടുക്കും. ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top