സ്‌കൂള്‍ ഗ്രൗണ്ടിലെ വയോജനമന്ദിര നിര്‍മാണത്തിന് ഹൈക്കോടതി സ്റ്റേ

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയിലെ ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസിലെ കളിസ്ഥലം കൈയേറിയുള്ള വയോജന വിശ്രമമന്ദിരനിര്‍മാണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാഞ്ഞങ്ങാട് ശാഖ പ്രസിഡന്റ് ഡോ. ടി വി പത്മനാഭന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
കുട്ടികളുടെ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനുള്ള സംഘടനയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്ന് ഡോ. പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1980ല്‍ ഹൊസ്ദുര്‍ഗ് ഗവ.യുപിസ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തിയപ്പോള്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ കലക്ടര്‍ പതിച്ചു നല്‍കിയതാണ് രണ്ടേക്കര്‍ വരുന്ന കളിസ്ഥലം. ഇവിടെ സ്‌കൂളിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അറിവോ സമ്മതമോ ഇല്ലാതെ 2016ല്‍ കാഞ്ഞങ്ങാട് നഗരസഭ 30 ലക്ഷം രൂപ ചെലവില്‍ വയോജന വിശ്രമ മന്ദിരം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസവകുപ്പിന്റെ ഭൂമി വിദ്യാഭ്യാസേതര ആവശ്യത്തിനായി യാതൊരു കാരണവശാലും ഉപയോഗിക്കരുത് എന്ന നിയമവും കോടതിവിധിയും നിലനില്‍ക്കേയാണ് ഇതെല്ലാം കാറ്റില്‍പ്പറത്തി നഗരസഭയുടെ നടപടി.
ഐഎപിയുടെ പരാതിയെ തുടര്‍ന്ന് 2017 ഏപ്രിലില്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ സ്‌റ്റോപ്പ് മെമ്മോ നല്‍കി നിര്‍ത്തിവച്ചിരുന്നു. ആര്‍ഡിഒ സ്ഥലം മാറിയപ്പോള്‍ ആ വര്‍ഷം നവംബറില്‍ വീണ്ടും സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് നിര്‍മാണം ആരംഭിച്ചു. ആര്‍ഡിഒയ്ക്ക് ഐഎപി പരാതി നല്‍കിയതിനേ തുടര്‍ന്ന് നിര്‍മാണം വീണ്ടും നിര്‍ത്തിവച്ചു. ഇതിനുശേഷം വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മാണം സാധ്യമല്ലാത്തതിനാല്‍, നിയമതടസങ്ങള്‍ മാറിക്കിട്ടാന്‍ നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ കളിക്കാന്‍ വരുന്നവരുടെ സൗകര്യത്തിനായി കെട്ടിടം എന്ന് പറഞ്ഞ് അപേക്ഷയില്‍ അവതരിപ്പിച്ചാണ് സര്‍ക്കാരില്‍ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചത്.
ഇതുപ്രകാരം കുട്ടികള്‍ക്ക് ടോയ്‌ലറ്റ്, വസ്ത്രം മാറാനുള്ള മുറി, വിശ്രമമുറി, യോഗ കേന്ദ്രം എന്നിവ അടങ്ങിയ കെട്ടിടമാണ് പദ്ധതിയെന്നാണ് ഈ അപേക്ഷയില്‍ പറയുന്നത്. ഈ അപേക്ഷയില്‍ വയോജന വിശ്രമമന്ദിരത്തേക്കുറിച്ചോ പ്രൊജക്ട് റിപോര്‍ട്ടില്‍ കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനെപ്പറ്റിയും പരാമര്‍ശമില്ല. എന്നാല്‍ വിവരാവകാശരേഖയില്‍ വയോജനമന്ദിരം നിര്‍മിക്കാന്‍ 30 ലക്ഷം രൂപ ചെലവില്‍ നഗരസഭ തയാറാക്കിയ പദ്ധതിയെക്കുറിച്ചു മാത്രമാണ് പറയുന്നത്. അഞ്ചോളം സ്‌കൂളുകളിലെ കുട്ടികള്‍ ഉപയോഗിക്കുന്ന കളിസ്ഥലം ഇല്ലാതാക്കുന്നത് ബാലാവകാശലംഘനമാണെന്നും കുട്ടികളോടുള്ള നീതിനിഷേധമാണെന്നും ഡോ.പത്മനാഭന്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെയും പിടിഎയുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് നഗരസഭ കെട്ടിടനിര്‍മാണവുമായി മുമ്പോട്ടുപോയത്. നിലവില്‍ അഞ്ചുലക്ഷത്തോളം രൂപ നഗരസഭ ഗ്രൗണ്ടിലെ കെട്ടിടനിര്‍മാണത്തിനുവേണ്ടി മുടക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഐഎപി കാഞ്ഞങ്ങാട് ശാഖ വൈസ്പ്രസിഡന്റ് ഡോ.അഭിലാഷ്, ഡോ.ജിതേന്ദ്ര റായ് സംബന്ധിച്ചു.

RELATED STORIES

Share it
Top