സ്‌കൂള്‍ കെട്ടിടോദ്ഘാടനം മാറ്റിവച്ചതിനെ ചൊല്ലി വിവാദം

താമരശ്ശേരി: കോരങ്ങാട് ഗവ. എല്‍പി സ്‌കൂളിന്റെ കെട്ടിടോദ്ഘാടനം നിസാര കാര്യത്തിന്റെ പേരില്‍ മാറ്റിവെച്ചത് വിവാദമാവുന്നു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റിയെ മറികടന്ന് പിടിഎ പ്രസിഡന്റിനെ സ്വാഗത പ്രഭാഷകനാക്കിയതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ഉദ്ഘാടനം വിവാദമായത്. സ്വാഗത പ്രഭാഷണത്തില്‍ നിന്നും പിടിഎ പ്രസിഡന്റിനെ മാറ്റിയാല്‍ ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന് എംഎല്‍എ അറിയിക്കുകയായിരുന്നുവെന്ന് പ്രധാനാധ്യാപിക പറഞ്ഞു. മുന്‍ എംഎല്‍എ വി എം ഉമ്മര്‍ മാസ്റ്ററുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം രൂപ ചെലവഴിച്ചാണ് കോരങ്ങാട് ഗവ.എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. മൂന്ന് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് സ്‌കൂള്‍ മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം കാരാട്ട് റസാഖ് എംഎല്‍എയെ ക്ഷണിക്കുകയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഉദ്ഘാടനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഉദ്ഘാടന പരിപാടിയില്‍ സ്വാഗത പ്രഭാഷകനായി പിടിഎ പ്രസിഡന്റിനെ നിശ്ചയിച്ചതോടെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ളവയുടെ ചുമതല നിര്‍വഹിക്കേണ്ടത് സ്‌കൂള്‍ മാനേജിംങ് കമ്മിറ്റിയാണെന്നിരിക്കെ ഏകപക്ഷീയമായാണ് നോട്ടീസ് തയ്യാറാക്കിയതെന്നായിരുന്നു ഇവരുടെ വാദം. പ്രധാനാധ്യാപിക സ്വാഗതം പറയണമെന്നും പുതിയ നോട്ടീസ് അച്ചടിക്കണമെന്നും എച്ച്എംസി യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. ഇതോടെ നേരത്തെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത നോട്ടീസുകള്‍ തിരിച്ചു വാങ്ങുകയും ചെയ്തു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും അവസാന നിമിഷം ഉദ്ഘാടനം നിര്‍ത്തിവെച്ചതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എച്ച്എംസി അംഗമായ സജീവന്‍ പറഞ്ഞു. കാരാട്ട് റസാഖ് എം എല്‍എയുടെ നിര്‍ദേശ പ്രകാരമാണ് പിടിഎ പ്രസിഡന്റിനെ സ്വാഗത പ്രഭാഷകനാക്കിയതെന്നും എതിരഭിപ്രായം എംഎല്‍എയെ അറിയിച്ചപ്പോള്‍ മാറ്റം വരുത്തിയാല്‍ ഉദ്ഘാടനത്തിന് എത്തില്ലെന്നാണ് മറുപടി നല്‍കിയതെന്നും പ്രധാനാധ്യാപിക പി ലക്ഷ്മി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മന്ത്രിയുടെ പരിപാടിക്ക് സ്വാഗത പ്രഭാഷണം നടത്തിയത് പിടിഎ പ്രസിഡന്റായിരുന്നുവെന്നും ഇവിടെ പറ്റില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കാരാട്ട് റസാഖ് എംഎല്‍എ പ്രതികരിച്ചു. പിടിഎ പ്രസിഡന്റാക്കി നിര്‍ത്താമെങ്കില്‍ സ്വഗത പ്രഭാഷണം നടത്തേണ്ടെന്ന് പറയാനാവില്ലെന്നും എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിക്കാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ചുമതലയെന്നും സ്‌കൂള്‍ സഹായ സമിതി എന്ന പേരിലാണ് പിടിഎ കമ്മിറ്റികള്‍ നില നിര്‍ത്തുന്നതെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ മുഹമ്മദ് അബ്ബാസ് പറഞ്ഞു.

RELATED STORIES

Share it
Top