സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ: മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം

ന്യൂഡല്‍ഹി: സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ആറുമാസത്തിനകം മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും ഇവ സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഏഴു വയസ്സുകാരനായ പ്രധ്യുമാന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ അച്ഛന്‍ ബരുണ്‍ ചന്ദ്ര ഠാക്കൂര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, ആര്‍ എഫ് നരിമാന്‍ എന്നിവരുടെ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
റയാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ബരുണ്‍ ചന്ദ്ര ഠാക്കൂര്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ പ്രധ്യുമാന്‍ താക്കൂറിനെ സപ്തംബര്‍ എട്ടിനാണ് സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരീക്ഷ മാറ്റിവയ്ക്കാന്‍ വേണ്ടി സ്‌കൂളിലെതന്നെ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. റയാന്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് മുഴുസമയ പ്രിന്‍സിപ്പള്‍ ഇല്ലാതെയാണെന്നും സ്‌കൂള്‍ ബസ്സിലെ ഡ്രൈവര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഉപയോഗിക്കാന്‍ പ്രത്യേക ശുചിമുറികള്‍ ഇല്ലെന്നും അന്വേഷണസംഘം കണ്ടെത്തിയതായി കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുഷ്‌വാഹ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top