സ്‌കൂള്‍ കലോല്‍സവം ഡിസം. 7 മുതല്‍ 9 വരെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മൂന്ന് ദിവസമാക്കി ചുരുക്കി. കലോല്‍സവം ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. സംസ്ഥാനതലത്തില്‍ രചനാ മല്‍സരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. പകരം ജില്ലാതലത്തില്‍ ഗ്രേസ് മാര്‍ക്ക് ഉറപ്പാക്കും.
ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഗുണനിലവാര മേല്‍നോട്ട സമിതിയാണ് തീരുമാനമെടുത്തത്. കായികമേള ഒക്ടോബര്‍ 26, 27, 28 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടത്തും. ഗെയിംസ് ഇനങ്ങള്‍ ജില്ലാതലത്തില്‍ മാത്രമാക്കി ചുരുക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കും. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മാത്രമാണ് സംസ്ഥാനതലത്തില്‍ മല്‍സരിക്കാന്‍ അവസരം നല്‍കുക. നേരത്തേ മൂന്നാംസ്ഥാനക്കാരെയും പരിഗണിച്ചിരുന്നു.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവം നവംബര്‍ 24, 25 തിയ്യതികളില്‍ കണ്ണൂരിലാണ് നടക്കുക. ശാസ്‌ത്രോല്‍സവത്തിലും എല്‍പി, യുപിതല മല്‍സരങ്ങള്‍ സ്‌കൂള്‍തലത്തില്‍ മാത്രമാക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം ഒക്ടോബര്‍ 26, 27, 28 തിയ്യതികളില്‍ കൊല്ലത്ത് നടക്കും. പ്രളയ പശ്ചാത്തലത്തില്‍ ആര്‍ഭാടം ഒഴിവാക്കി കലോല്‍സവം നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. വിവിധ മേളകള്‍ക്ക് ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഉണ്ടാവില്ല. കലോല്‍സവത്തിന് പതിവു സദ്യവട്ടം ഒഴിവാക്കി പകരം ഭക്ഷണച്ചുമതല കുടുംബശ്രീക്ക് നല്‍കാനും തീരുമാനിച്ചു.
കലോല്‍സവത്തില്‍ പ്രധാന പന്തല്‍ ഒഴിവാക്കും. വിജയികള്‍ക്ക് വ്യക്തിഗത ട്രോഫികള്‍ ഉണ്ടാവില്ല. എല്‍പി, യുപിതല മല്‍സരങ്ങള്‍ സ്‌കൂള്‍തലത്തില്‍ ഒതുക്കും. ഉപജില്ലാ, ജില്ലാ കലോല്‍സവങ്ങള്‍ രണ്ടു ദിവസത്തിലൊതുക്കാനും തീരുമാനിച്ചു.

RELATED STORIES

Share it
Top