സ്‌കൂള്‍ കലോല്‍സവം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തുന്നത് പരിശോധിക്കും: ഇ പി ജയരാജന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ചെലവിലുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ നടപടിയില്‍ മാറ്റമില്ലെങ്കിലും സ്‌കൂള്‍ കലോല്‍സവം ഉള്‍പ്പെടെയുള്ളവ ചെലവ് ചുരുക്കി നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. സ്‌കൂള്‍ കലോല്‍സവം ഒഴിവാക്കുമ്പോള്‍ കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇതേക്കുറിച്ച് ആലോചിച്ചശേഷം ഉചിതമായ തീരുമാനമെടുക്കും. അതുപോലെ കായികതാരങ്ങള്‍ക്ക് ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടാതെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രതികരിച്ചു. സംസ്ഥാന കലോല്‍സവം ഒഴിവാക്കിയാലും ജില്ലാതലം വരെ കലോല്‍സവങ്ങള്‍ നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള ആലോചനയുമുണ്ട്. അതേസമയം, ആഘോഷങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായഭിന്നതയില്ലെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറിക്ക് എ കെ ബാലന്‍ നേരത്തേ കത്തയച്ചിരുന്നു.

RELATED STORIES

Share it
Top