സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി: കേന്ദ്രീകൃത അടുക്കള ഏര്‍പ്പെടുത്തണം

മലപ്പുറം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പഞ്ചായത്തുതലത്തില്‍ കേന്ദ്രീകൃത അടുക്കള സംവിധാനമേര്‍പ്പെടുത്തി അതിലേക്ക് മാറ്റണമെന്നും പ്രധാനാധ്യാപകരെ  ഈ ചുമതലയില്‍ നിന്നു ഒഴിവാക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതുവഴി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടാന്‍ കഴിയുമെന്നും സമ്മേളനം വിലയിരുത്തി. സംസ്ഥാനതലത്തിലുള്ള ക്യുഐപി സംവിധാനത്തില്‍ പ്രൈമറി പ്രധാനാധ്യാപകരുടെ ഏക സംഘടനയായ കെപിപിഎച്ച്എ പ്രതിനിധിയെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ടി കെ റഷീദലി മുഖ്യാതിഥിയായിരുന്നു.  സംസ്ഥാന പ്രസിഡന്റ് എ എന്‍ പാപ്പച്ചി സമ്മേളന സന്ദേശം കൈമാറി.
യാത്രയയപ്പ് സമ്മേളനം കെ എന്‍ എ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനത്തില്‍ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പ്രദീപന്‍, വൈസ് പ്രസിഡന്റ് കെ അബ്ദുസലാം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ പാലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top