സ്‌കൂള്‍ അധ്യയന കൊട്ടിക്കലാശം: പരിധിവിട്ടാല്‍ പോലിസ് പിടിവീഴും

നഹാസ് എം നിസ്താര്‍

മലപ്പുറം: സ്‌കൂള്‍ അധ്യയനവര്‍ഷാവസാന ആഘോഷങ്ങള്‍ പരിധി വിട്ടാല്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ പോലിസ് പിടിവീഴും. പരീക്ഷാദിനത്തില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പോലിസ്് സാനിധ്യം ഉറപ്പാക്കും.
കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം റിപോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലിസ് രംഗത്തെത്തിയത്. ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം സബ് ഡിവിഷനല്‍ പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അതാത് സ്‌റ്റേഷന്‍ ഓഫിസര്‍മാരുടെയും എസ്‌ഐമാരുടെയും നേതൃത്വത്തില്‍ പിടിഎയുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ആഘോഷം അമിതാവേശമായി മാറാതിരിക്കാന്‍  മുന്‍ കരുതലെടുക്കുക.
ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ച് പിടിഎ, അധ്യാപകര്‍ എന്നിവരടങ്ങുന്ന ജാഗ്രത സമിതികള്‍ രൂപീകരിക്കും.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാവസാന ദിവസമായ മാര്‍ച്ച് 27, 28 തിയ്യതികളില്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ പിടിഎ ഭാരവാഹികള്‍, പോലിസ്, അധ്യാപകര്‍ എന്നിവരുടെ കര്‍ശന നിരീക്ഷണവും ജാഗ്രതയും ഉണ്ടാവും. പരീക്ഷകള്‍ അവസാനിച്ചാല്‍ വിദ്യാര്‍ഥികളോട്്് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കും. പരീക്ഷ അവസാനിച്ചാല്‍ വിദ്യാര്‍ഥികള്‍ കോംപൗണ്ടില്‍ കൂട്ടം കൂടി നില്‍ക്കുന്നതിനോ മറ്റാഘോഷങ്ങള്‍ സംഘടിപ്പിക്കാനോ അനുവദിക്കില്ല. മുഖത്ത് ചായം പുശുന്നതും പാഠപുസ്തകങ്ങള്‍ പിച്ചിചീന്തി വലിച്ചെറിയുന്നതടക്കമുള്ളവയും കര്‍ശനമായി നിരോധിക്കും. ഇത്തരം പ്രവൃത്തിയിലേര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് കര്‍ശന നടപടി സ്വീകരിക്കും.
പരീക്ഷാവസാന ദിവസം പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ കോംപൗണ്ട് വിട്ട് വീടുകളിലേക്ക് മടങ്ങാതെ ടൗണുകളിലും മറ്റും കറങ്ങി നടക്കുന്നവരെ പിടികൂടാന്‍ ടൗണുകള്‍, പോക്കറ്റ് റോഡുകള്‍, ഇടനാഴികള്‍, സിനിമാ തിയേറ്ററുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ മഫ്തിയില്‍ പോലിസിന്റ നിരീക്ഷണമുണ്ടാവും.
ബൈക്കുകളില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെ പൂട്ടാന്‍ 27, 28 ദിവസങ്ങളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ടൗണുകള്‍ കേന്ദ്രീകരിച്ചും വാഹന പരിശോധന കര്‍ശനമാക്കും. ബൈക്കുമായി വിദ്യാര്‍ഥികളെ പിടികൂടിയാല്‍ രക്ഷിതാക്കള്‍ക്കെതിരെയും ആര്‍സി ഉടമയ്‌ക്കെതിരെയും കേസെടുത്ത് പിഴ ചുമത്തുമെന്നും പോലിസ് അറിയിച്ചു.
അതേസമയം, പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ പരീക്ഷാ കൊട്ടിക്കലാശം ആഘോഷിക്കാന്‍ പണപ്പിരിവ് നടത്തിയതായാണ് വിവരം. വിവിധ വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ വരെ ഏര്‍പ്പാടാക്കി കഴിഞ്ഞിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ത്തന്നെ പറയുന്നു.

RELATED STORIES

Share it
Top