സ്‌കൂള്‍ അധികൃതരുടെ പിടിവാശിയില്‍ വീട്ടു തിണ്ണകളില്‍ അങ്കണവാടി കുട്ടികള്‍

ചവറ: സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വര്‍ഷങ്ങളായി വീട്ടുമുറ്റത്തും തിണ്ണകളിലും അഭയാര്‍ത്ഥികളെ പോലെ കഴിഞ്ഞു പോരുന്ന ഒരു കൂട്ടം അങ്കണവാടി കുട്ടികള്‍.
അവരുടെ ദുരിതത്തിന് അറുതി വരുത്താനുള്ള ശ്രമത്തിന് തുരങ്കം വെച്ച് സ്‌കൂള്‍ അധികൃതരുടെ കടുംപിടുത്തം. സ്ഥലവും കെട്ടിടവും ഉണ്ടാകുന്ന നാള്‍ വരെ പ്രവര്‍ത്തിക്കാമെന്ന ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ ഉത്തരവിനെ പോലും കാറ്റില്‍ പറത്തി ചവറ കാമന്‍കുളങ്ങര ഗവ. എല്‍പി സ്‌കൂള്‍ അധികൃതരാണ് സൗകര്യമുണ്ടായിട്ടും സ്ഥലം അനുവദിക്കാത്തത്. ചവറ ചെറുശ്ശേരി ഭാഗത്തെ 166ാംനമ്പര്‍ അങ്കണവാടിയാണ് സ്വന്തമായി സ്ഥലമില്ലാത്തത് കാരണം വാര്‍ഡിലെ പല വീടുകളിലായി  പ്രവര്‍ത്തിക്കുന്നത്. 16 കുട്ടികളാണ് ഇവിടെയുള്ളത്.  മൂന്ന് സെന്റ് സ്ഥലം കണ്ടെത്തും വരെ സൗകര്യപ്രദമായ സ്ഥലത്ത് അങ്കണവാടി പ്രവര്‍ത്തിപ്പിക്കണമെന്ന ചിന്തയിലാണ് കാമന്‍കുളങ്ങര സ്‌കൂള്‍ അധികൃതരെ ചവറ പഞ്ചായത്ത് സമീപിക്കുന്നത്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് പഞ്ചായത്ത് സെക്രട്ടറി നടത്തിയ പരിശോധനയില്‍ മുകളിലും താഴെയുമായി രണ്ട് ക്ലാസ് മുറികള്‍ ഒഴിവുള്ളതായും അറിയാന്‍ കഴിഞ്ഞു. ഇത് അനുസരിച്ച് പഞ്ചായത്ത് കമ്മിറ്റി അങ്കണവാടിയുടെ പ്രവര്‍ത്തനം സ്‌കൂളിലേക്ക് മാറ്റാനും അനുമതി നല്‍കി.
എന്നാല്‍ അങ്കണവാടിക്ക് യാതൊരു കാരണവശാലും സൗകര്യം നല്‍കില്ലെന്ന നിലപാടാണ് സ്‌കൂള്‍ പിടിഎ സ്വീകരിച്ചത്. സ്‌കൂളില്‍ സ്ഥല ലഭ്യതയുണ്ടെങ്കില്‍ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധം അങ്കണവാടി പ്രവര്‍ത്തിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളപ്പോഴാണ് സ്‌കൂള്‍ നിഷേധ നിലപാട് സ്വീകരിക്കുന്നതെന്ന്  ഗ്രാമപ്പഞ്ചായത്തംഗം വി ജ്യോതിഷ്‌കുമാര്‍ പറഞ്ഞു.  സ്‌കൂള്‍ പിടിഎയുടെ കടുംപിടുത്തത്തെ തുടര്‍ന്ന് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ പ്രീ െ്രെപമറി കൂടി പ്രവര്‍ത്തിക്കുന്ന എല്‍പി സ്‌കൂളില്‍ അങ്കണവാടിയുടെ പ്രവര്‍ത്തനം ഇതിനെ ബാധിക്കുമോയെന്ന ആശങ്കയാണ് അങ്കണവാടിയെ എതിര്‍ക്കാന്‍ കാരണമെന്നും ഒരു വിഭാഗം പറയുന്നു. സ്‌കൂള്‍ അധികൃതര്‍ക്ക് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടര്‍ന്ന് ചവറ സിഡിപിഒ സ്‌കൂളിലെത്തി പരിശോധന നടത്തി.
വിശദമായ റിപ്പോര്‍ട്ട് സാമൂഹിക നീതി വകുപ്പ് ജില്ലാ മേധാവിക്ക് സമര്‍പ്പിക്കുമെന്ന് സിഡിപിഒ പറഞ്ഞു.  സ്‌കൂള്‍ പിടിഎക്കെതിരേ പഞ്ചായത്തിന്റെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുകയാണ് ഗ്രാമപ്പഞ്ചായത്ത് സമിതി.

RELATED STORIES

Share it
Top