സ്‌കൂള്‍ അങ്കണത്തിലെ ശുചിമുറി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

എടത്വ: സ്‌കൂള്‍ അങ്കണത്തിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണു പിഞ്ചുകുട്ടി മരിച്ചു. ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍പിജി  സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുണ്ടുചിറയില്‍ ബന്‍സന്‍ ജോസഫിന്റെ മകന്‍ സെബാസ്റ്റ്യന്‍ എം ജോസഫ് (ആല്‍ബിന്‍ 6) ആണ് മരിച്ചത്.
രാവിലെ 11ഓടെ സ്‌കൂളിലെ ശുചിമുറിയിലേക്ക് പോയതായിരുന്നു കുട്ടി. മുറിയിലേക്കു കയറുന്നതിനിടെ സിമന്റ് കട്ട ഉപയോഗിച്ച് പണിത ഒന്നര മീറ്റര്‍ ഉയരമുള്ള ഭിത്തി കുട്ടിയുടെ മുകളിലേക്കു മറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അധ്യാപകരും സമീപവാസികളും ചേര്‍ന്നു പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. രണ്ടു വര്‍ഷം മാത്രം പഴക്കമുള്ള ശുചിമുറിയുടെ നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍.
സബ് കലക്ടര്‍, തഹസില്‍ദാര്‍ എന്നവരടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. എടത്വാ പോലിസ് നടപടികള്‍ സ്വീകരിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.
മാതാവ്: ആന്‍സമ്മ. സഹോദരന്‍: ജോഷ്വാ എം ജോസഫ്. സംസ്‌കാരം ഇന്ന് രണ്ടിന് വട്ടടി റീത്ത് പള്ളി സെമിത്തേരിയില്‍

RELATED STORIES

Share it
Top