സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച: യുവാവ് പിടിയില്‍

പെരിന്തല്‍മണ്ണ: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍. മങ്കട കൂട്ടില്‍ ഉമാടന്‍ വീട്ടില്‍ ഷിബിലി (18) ആണ് സ്‌കൂളുകളുടെ ഓഫിസിന്റെ പുട്ട് തകര്‍ത്ത് പണവും മൊബെല്‍ ഫോണും, ചെക്ക് ബുക്കുകളും കവര്‍ന്ന കേസില്‍ പിടിയിലായത്.
കഴിഞ്ഞ 30ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫിസ് മുറിയുടെ പൂട്ട് തകര്‍ത്ത് പണവും ചെക്ക് ബുക്കുകളും കവര്‍ന്നിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസന്വേഷണ ഭാഗമായി സ്വകാര്യ ഫിനാസ് സ്ഥാപനങ്ങളിലും ബാങ്കുകളിലും നഷ്ടപ്പെട്ടച്ചെക്കുകള്‍ എത്തുന്നത് സംബന്ധിച്ച് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ കാണാതായ ചെക്ക് ഉപയോഗിച്ച് സ്വകാര്യ സ്ഥാപനത്തില്‍ വാഹനം വാങ്ങാനായി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം പ്രതിയെ ഇന്നലെ മങ്കട കൂട്ടിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍, മങ്കട ഗവ. സ്‌കൂള്‍, മക്കരപറമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മങ്കട അല്‍അമീന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന കവര്‍ച്ചകള്‍ക്ക് തുമ്പായതായി പോലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ ജോര്‍ജ്, എഎസ്‌ഐ സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്, അഷ്‌റഫ് കൂട്ടില്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top