സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ 1392 കോടി: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റും ജനങ്ങളും ചേര്‍ന്ന് ചെലവഴിക്കുന്ന തുകയുടെ തുല്യമായ തുക ചലഞ്ചിങ് ഫണ്ടായി സര്‍ക്കാര്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ഇത്തരത്തില്‍ പരമാവധി ഒരു കോടി രൂപവരെ നല്‍കും.
സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 1,392 കോടി രൂപ അനുവദിക്കും. 141 സ്‌കൂളുകള്‍ക്ക് അഞ്ചു കോടി രൂപവീതവും 229 സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപയുമാണ് നല്‍കുക. ഹൈടെക് സ്‌കൂള്‍ പദ്ധതി പ്രകാരം എട്ടു മുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് 4,775 സ്‌കൂളുകളുടെ 45,000 ക്ലാസ്മുറികള്‍ക്ക് 493.5 കോടി അനുവദിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപോര്‍ട്ട് നല്‍കുന്നതിന് മുന്‍ എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. എം എ ഖാദര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ചാല്‍ വിശദമായ ചര്‍ച്ച നടത്തിയതിനു ശേഷം കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കും.
എത്രയും വേഗം പഠനം പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുവഴി എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിവകളില്‍ ഏകീകൃത രൂപം കൊണ്ടുവരാന്‍ സാധിക്കും. സ്‌കൂളിന്റെ മേലധികാരി ആരാണെന്നത് ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം അക്കാദമിക് രംഗത്ത് ഗുണകരമായ മാറ്റമുണ്ടാക്കി. എന്നാല്‍ സമയബന്ധിതമായി പരീക്ഷ നടത്തുന്നതിലും ഫലം പ്രസിദ്ധീകരിക്കുന്നതിലും പേരായ്മയുണ്ട്. ഇത് പരിഹരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണം. വിവിധ സര്‍വകലാശാലയിലെ അഡ്മിഷനും റിസല്‍റ്റും ഉള്‍പ്പെടെ ഒരു സോഫ്റ്റ്‌വെയറില്‍ ആക്കാനുള്ള നടപടികള്‍ ആയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 20,000 പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എന്നാല്‍ ചില ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് തികഞ്ഞിട്ടുമില്ല. അശാസ്ത്രീയമായി സീറ്റ് വിഭജനം നടത്തിയതാണ് ഇതിന് കാരണം. ഇത് പരിഹരിക്കാന്‍ ഇക്കൊല്ലം തന്നെ നടപടി സ്വീകരിക്കും. എന്‍ഐആര്‍എഫ് റാങ്കിങില്‍ സംസ്ഥാനത്തുള്ള നാല് സര്‍വകലാശാലകള്‍ 100 റാങ്കിനുള്ളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരള സര്‍വകലാശാല-29, കാലിക്കറ്റ്-57, എംജി-67, കുസാറ്റ്-86 എന്നിങ്ങനെയാണ് റാങ്കിങ്. പിജി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി ഐഎസ്‌സി പ്രഫസര്‍ ഇ ഡി ജെമീസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top